
മലപ്പുറം: യൂത്ത് ലീഗ് ഫണ്ട് പിരിവ് കള്ള പരാതിയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ കുന്നമംഗലം ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതികരണവുമായി പികെ ഫിറോസ്. സൂക്ഷിച്ചും കണ്ടും ജോലി ചെയ്യുക എന്നാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുന്ന പൊലീസുദ്യോഗസ്ഥരോട് പറയാനുള്ളതെന്ന് ഫിറോസ് പറഞ്ഞു. ആത്മാഭിമാനമൊക്കെ തത്ക്കാലം പോക്കറ്റില്‍ വയ്ക്കുക. ഭരണകക്ഷി ആഗ്രഹിക്കുന്നത് പോലെ അന്വേഷണം നടത്തി, റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇനി ആത്മാഭിമാനം പണയം വെക്കില്ല എന്ന് വാശിയാണെങ്കില്‍ ഒരു രണ്ടര വര്‍ഷം ക്ഷമയോടെ കാത്തിരിക്കൂ. കാലം മാറുമെന്നും ഫിറോസ് പറഞ്ഞു.
പികെ ഫിറോസിന്റെ കുറിപ്പ്: ''അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്. ഞങ്ങള്‍ക്കെതിരെയുള്ള കള്ളപ്പരാതി കയ്യോടെ പിടിക്കപ്പെട്ട ജാള്യതയില്‍ ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യം കഷ്ടമായിരിക്കുമെന്ന് പറഞ്ഞ് ജലീലിക്ക രണ്ട് ദിവസം മുമ്പ് ഫൈസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോള്‍ സസ്‌പെന്‍ഷനും വന്നു. സത്യത്തില്‍ സി.ഐയുടെ ഭാഗത്തും തെറ്റുണ്ട്. ഞങ്ങളെ തൂക്കിക്കൊല്ലണം എന്ന അന്വേഷണ റിപ്പോര്‍ട്ടായിരുന്നു കൊടുക്കേണ്ടിയിരുന്നത്. അദ്ദേഹം ജെ.എന്‍.യുവിലൊക്കെ പഠിച്ചതിന്റെ പ്രശ്‌നമാണത്രേ! ആത്മാഭിമാനം പണയം വെക്കാന്‍ കഴിയാത്തതിന്റെ കുഴപ്പം തന്നെ
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുന്ന പോലീസുദ്യോഗസ്ഥരോട് പറയാനുള്ളത്.സൂക്ഷിച്ചും കണ്ടും ജോലി ചെയ്യുക. ആത്മാഭിമാനമൊക്കെ തല്‍ക്കാലം പോക്കറ്റില്‍ വെക്കുക. ഭരണകക്ഷി ആഗ്രഹിക്കുന്നത് പോലെ അന്വേഷണം നടത്തുക. റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇനി ആത്മാഭിമാനം പണയം വെക്കില്ല എന്ന് വാശിയാണെങ്കില്‍ ഒരു രണ്ടര വര്‍ഷം ക്ഷമയോടെ കാത്തിരിക്കൂ. കാലം മാറും. അവസാനമായി ഇക്കയോട് രണ്ട് വാക്ക്, ഇങ്ങക്ക് ഇതൊക്കെയേ കഴിയൂ. കഴുതക്കാമം കരഞ്ഞു തീര്‍ക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇങ്ങള് കരഞ്ഞ് തീര്‍ക്കി. ഞങ്ങളിവിടെയൊക്കെ തന്നെ കാണും.''
യൂത്ത് ലീഗ് നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്നത് കള്ളപ്പരാതിയാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ കുന്നമംഗലം ഇന്‍സ്‌പെക്ടര്‍ യൂസഫ് നടത്തറമ്മലിനെയാണ് കഴിഞ്ഞദിവസം അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഫണ്ട് തട്ടിപ്പ് കേസില്‍ പികെ ഫിറോസ്, സികെ സുബൈര്‍ എന്നിവര്‍ക്കെതിരെ തെളിവില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് കുന്നമംഗലം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.
വന്ദേഭാരത് എക്‌സ്പ്രസിന് പുതിയ സ്റ്റോപ്പ്; അയ്യപ്പഭക്തർക്ക് സന്തോഷ വാർത്തയെന്ന് കേന്ദ്രമന്ത്രി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam