പാൽ തലയിലൊഴിച്ച് പ്രതിഷേധിച്ച ക്ഷീര കർഷകനെതിരെ സഹകർഷകർ രംഗത്ത്. ഗുണനിലവാരമില്ലാത്ത പാൽ നൽകുന്ന വിഷ്ണുവിന്‍റെ പ്രതിഷേധം സോഷ്യൽ മീഡിയ റീച്ചിന് വേണ്ടിയുള്ള നാടകമാണെന്നും സൊസൈറ്റി പൂട്ടിക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്നും ഇവർ ആരോപിക്കുന്നു.

കൊല്ലം: നൽകുന്ന പാലിന് അർഹമായ വില നൽകുന്നില്ലന്നും സൊസൈറ്റി ജീവനക്കാർ കടുത്ത വിവേചനം കാണിക്കുന്നുവെന്നും ആരോപിച്ച് പാൽ തലയിലൊഴിച്ച് പ്രതിഷേധിച്ച ക്ഷീര കർഷകനെതിരെ പ്രദേശത്തെ കൂടുതൽ കർഷകർ രംഗത്ത് എത്തി. പരവൂർ നെടുങ്ങോലം കൂനയിൽ ക്ഷീരോൽപാദക സഹകരണ സംഘത്തിന് മുന്നിൽ കഴിഞ്ഞ ദിവസമാണ് നെടുങ്ങോലം സ്വദേശി വിഷ്ണു ശരീരത്തിലൂടെ പാലൊഴിച്ച് പ്രതിഷേധിച്ചത്.

വിഷ്ണു സൊസൈറ്റിയിൽ എത്തിക്കുന്ന പാലിന് ഗുണനിലവാരം ഇല്ലെന്നു കർഷകർ പറയുന്നു. പശു കച്ചവടക്കാരൻ ആയ വിഷ്ണു പശു പ്രസവിച്ചയുടൻ പാൽ കറന്ന് എത്തിക്കുന്നത് പതിവാണെന്നും ഈ മഞ്ഞപ്പാൽ സൊസൈറ്റിയിൽ എത്തുന്ന മറ്റു പാലിന്‍റെ കൂടെ കലർത്തുമ്പോൾ മുഴുവൻ പാലും പിരിഞ്ഞു പോകുന്നതാണ് രീതി എന്നും ക്ഷീരകർഷകർ പറയുന്നു.

സൊസൈറ്റി പൂട്ടിക്കുമെന്ന് പലതവണ ഭീഷണി മുഴക്കിയിട്ടുള്ള വിഷ്ണു ഇത്തരം ഗൂഢ ലക്ഷ്യത്തോടെയാണ് സൊസൈറ്റിക്ക് മുന്നിലെത്തി പാൽ തലയിലൂടെ ഒഴിച്ചതത്രേ. സോഷ്യൽ മീഡിയയിൽ കൂടുതൽ റീച്ച് ഉണ്ടാക്കാനുള്ള തന്ത്രമായിരുന്നുവെന്നും ആക്ഷേപമുണ്ട്. വിഷ്ണുവിന്‍റെ പാൽ സ്വീകരിക്കേണ്ട എന്നത് പൊതുയോഗ തീരുമാനമായിരുന്നു. ഇയാളുടെ പാൽ സ്വീകരിക്കാൻ തീരുമാനിച്ചാൽ ഭൂരിഭാഗം ക്ഷീരകർഷകരും സൊസൈറ്റിയിൽ പാൽ എത്തിക്കില്ലെന്ന നിലപാടിലാണ്.