ജീപ്പ് ഓടിച്ചിരുന്ന ചിറയക്കോട് സ്വദേശിയെ വെള്ളറടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇയാൾ പിന്നീട് ഇവിടെ നിന്ന് മുങ്ങി

തിരുവനന്തപുരം: പുതുവത്സര രാത്രിയിൽ വെള്ളറടയിൽ വാഹനാപകടം. കാറും ഥാർ ജീപ്പും കൂട്ടിമുട്ടി പരിക്കേറ്റവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും, കാരക്കോണം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെ വെള്ളറട പൊലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു വാഹനാപകടം നടന്നത്. പള്ളിയിലെ പുതുവർഷ ആരാധന കഴിഞ്ഞ് പനച്ചമൂട്ടിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാറിലേക്ക് അമിത വേഗത്തില്‍ വന്ന ജീപ്പ് നിയന്ത്രണം നഷ്ടപ്പെ‌ട്ട് ഇ‌ടിച്ചുകയറുകയായിരുന്നു. കാറിലുള്ളവര്‍ക്ക് ഗുരുതര പരിക്കും ജീപ്പില്‍ ഉണ്ടായിരുന്ന ഡ്രൈവറിന് നിസാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ കയറ്റി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഥാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നത്. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന വിജയന്‍ (66)നെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും, കുഞ്ഞമ്മ മത്തായി(90), സുശീല(65), ജോഹാന്‍(14) എന്നിവരെ കാരക്കോണം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ജീപ്പ് ഓടിച്ചിരുന്ന ചിറയക്കോട് സ്വദേശിയെ വെള്ളറടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇയാൾ പിന്നീട് ഇവിടെ നിന്ന് മുങ്ങി. ഇയാളെ തിരിച്ചറിഞ്ഞി‌ട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. അപക‌ടത്തിന് പിന്നാലെ ഗതാഗതം തടസം സൃഷ്ടിച്ചു കിടന്ന വാഹനങ്ങൾ പൊലീസ് വളരെ പണിപ്പെട്ടാണ് റോഡ് വക്കിലേക്ക് മാറ്റിയത്. ജീപ്പിന്‍റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം