
കോഴിക്കോട്: യുഡിഎഫിന്റെ ഉറച്ച കോട്ടയായ കൊടുവള്ളി പിടിച്ചെടുക്കാൻ യുവനേതാവ് പികെ ഫിറോസ് കളം നിറയുന്നു. കൊടുവള്ളിയിൽ നിന്ന് ആരംഭിച്ച് താമരശ്ശേരിയിൽ സമാപിച്ച വമ്പിച്ച റോഡ് ഷോയോടെയാണ് ഫിറോസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പ്രവർത്തകരുടെ ആവേശകരമായ സ്വീകരണമാണ് മണ്ഡലത്തിലുടനീളം സ്ഥാനാർത്ഥിക്ക് ലഭിച്ചത്. "ഡോ. എംകെ മുനീറിനെപ്പോലെയുള്ള ഒരു മുതിർന്ന നേതാവിന്റെ പിൻഗാമിയായി കൊടുവള്ളിയിൽ മത്സരിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമാണ്. അത് വലിയൊരു ഉത്തരവാദിത്തമായി ഞാൻ കാണുന്നു," എന്ന് പികെ ഫിറോസ് പറഞ്ഞു.
പാർട്ടിയിലോ മുന്നണിയിലോ നിലവിൽ യാതൊരുവിധ പ്രശ്നങ്ങളോ വിഭാഗീയതയോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലീഗ് നേതാക്കൾക്കിടയിൽ ചെറിയ പിണക്കങ്ങൾ ഉണ്ടെന്ന വാർത്തകൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലയിടങ്ങളിൽ വിമതർ ഉയർത്തുന്ന വെല്ലുവിളികൾ കാര്യമാക്കുന്നില്ലെന്നും മികച്ച ഭൂരിപക്ഷത്തോടെ കൊടുവള്ളിയിൽ യുഡിഎഫ് വിജയിക്കുമെന്നും ഫിറോസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കളും പങ്കെടുത്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ എത്തിയ ഫിറോസിന് നൽകിയ സ്വീകരണം വരാനിരിക്കുന്ന പോരാട്ടത്തിന്റെ വീര്യം വ്യക്തമാക്കുന്നതായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സലിം മടവൂരും ഫിറോസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് കൊടുവള്ളി ഇനി സാക്ഷ്യം വഹിക്കുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam