
തിരുവനന്തപുരം: പ്രാദേശിക സിപിഐ (CPI) നേതാവ് ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ സംഭാവന നൽകാത്തതിൻ്റെ പേരിൽ ലക്ഷങ്ങൾ മുടക്കി തുടങ്ങിയ ചെടി നഴ്സറിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായി പരാതി. തൃശൂർ മാടക്കത്തറ സ്വദേശി ദേവാനന്ദാണ് കഴിഞ്ഞ 4 വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നത്. മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പരാതി നൽകി കാത്തിരിക്കുയാണ് ദേവാനന്ദ്.
തൃശൂർ തെക്കുംകര പഞ്ചായത്തിൽ 2007ലാണ് ദേവാനന്ദ് 10 ഏക്കറിൽ അലങ്കാര പുൽകൃഷി തുടങ്ങിയത്. 30 ലക്ഷം ബാങ്ക് വായ്പ എടുത്തായിരുന്നു പ്രവർത്തനം. 2018 വരെ 32 ജോലിക്കാർ ഉൾപ്പെടെ നല്ല രീതിയിലായിരുന്നു പ്രവർത്തനം. എന്നാൽ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. നെൽവയൽ നികത്തിയെന്നും എൻഡോസൽഫാൻ ഉപയോഗിക്കുന്നുവെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ അനുമതിയില്ലാത്ത യാതൊരു കീടനാശിനികളുടെയോ രാസവസ്തുക്കളുടെയോ സാനിധ്യം ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായി.
ബിടിആറ്‍ പ്രകാരം ഒരു ഭാഗം കരഭൂമിയും കുറച്ചു ഭാഗം വർഷങ്ങൾക്ക് മുമ്പ് നെൽകൃഷി ചെയ്തിരുന്നതുമായ സ്ഥലമാണ് ഇദ്ദേഹത്തിൻറേത്. 2008 ഓഗസ്റ്റിൽ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിന് മുന്നോടിയായി പ്രാദേശിക തല നിരീക്ഷണ സമിതി നൽകിയ റിപ്പോർട്ട് പ്രകാരം വന്യജീവികളുടെ ശല്യവും വെള്ളത്തിൻറെ ദൗർലഭ്യവും മൂലം 15 വർഷമായി നെൽകൃഷി ചെയ്യാൻ യോഗ്യമല്ലാത്തതാണ് ഈ സ്ഥലം. പ്രവർത്തനം മുടങ്ങിയതോടെ വീട്ടുമുറ്റങ്ങളിൽ അലങ്കാരമാകേണ്ട പുല്തകിടി പൂർണമായി കരിഞ്ഞുണങ്ങി, ലോണെടുത്ത് വാങ്ങിയ വണ്ടികളും പറമ്പും കാടിപിടിച്ചു. നഴ്സറിയുടെ പ്രവർത്തനം 4 വർഷമായി നിലച്ചതോടെ ഒന്നര കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായത്.
ഡാറ്റാ ബാങ്കിൽ നിലമായി രേഖപ്പെടുത്തിയ സ്ഥലമായത് കൊണ്ടാണ് നഴ്സറിയുടെ പ്രവർത്തനത്തിന് അനുമതി നൽകാത്തതെന്നാണ് തെക്കുംകര കൃഷി ഓഫീസറുടെ വിശദീകരണം. അതേസമയം, 1 ലക്ഷം രൂപ താൻ സംഭാവയായി ആവശ്യപ്പെട്ടെന്ന ദേവാനന്ദിൻ്റെ ആരോപണം സിപിഐ നേതാവ് ഇ എൻ ശശി നിഷേധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam