ശമ്പള വര്‍ദ്ധനവ്; പെമ്പിളൈ ഒരുമൈയ്ക്ക് പുറകേ തോട്ടം മേഖലയില്‍ സമരത്തിന് യൂണിയനുകളും

By Web TeamFirst Published Dec 18, 2018, 2:05 PM IST
Highlights

കമ്പനികളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ തോട്ടം തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്. കഴിഞ്ഞ തവണ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു സമരമെങ്കിൽ ഇത്തവണ യൂണിയൻ നേതാക്കളുടെ സഹായത്തോടെയാണ് സമരങ്ങൾ സംഘടിപ്പിക്കുന്നത്. 

ഇടുക്കി: കമ്പനികളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ തോട്ടം തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്. കഴിഞ്ഞ തവണ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു സമരമെങ്കിൽ ഇത്തവണ യൂണിയൻ നേതാക്കളുടെ സഹായത്തോടെയാണ് സമരങ്ങൾ സംഘടിപ്പിക്കുന്നത്. 

ഇതേ തുടര്‍ന്നാണ് ഹാരിസൺ  മലയാളം പ്ലാന്റേഷന്റെ പന്നിയാർ, സൂര്യനെല്ലി, ലോക്കാട് എന്നീ ഓഫീസുകൾക്ക് മുമ്പില്‍ സി പി എം യൂണിയൻ നേതാക്കളുടെ നേതൃത്വത്തിലും, എ ഐ ടി യു സിയുടെ ഡി ഇ ഡബ്ലു യൂണിയന്റെ നേതൃത്വത്തിലും സമരങ്ങൾ നടന്നു. ഇന്നലെ രാവിലെ ഹാരിസൻ മലയാളം പ്ലാന്റേഷന്റെ ലോക്കാട് എസ്റ്റേറ്റ് ഓഫീസിൽ നടന്ന സമരം സി.എ കുര്യനാണ് ഉദ്ഘാടനം ചെയ്തത്.

സർക്കാർ തൊഴിലാളി ക്ഷേമത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി കമ്പനി ഉടമസ്ഥതയിലുള്ള  ലയങ്ങളുടെ പഞ്ചായത്ത് കരത്തിനും  മറ്റ് അനുബന്ധ വ്യവസ്ഥകൾക്കും ഇളവ് നൽകി. എന്നാൽ തൊഴിലാളികൾക്ക് ആവശ്യമായ ശമ്പളം, ആശുപത്രി സേവനങ്ങൾ, താൽകാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തൽ എന്നതടക്കമുള്ള വിഷയങ്ങളിൽ കമ്പനികൾ പിടിവാശി തുടരുകയാണ്. 

കണ്ണൻ ദേവൻ കമ്പനിക്കെതിരെ സമരങ്ങൾ സംഘടിപ്പിക്കാൻ ഒരു കാലത്ത് മടി കാണിച്ചിരുന്ന ഐഎൻടിയുസിയുടെ തൊഴിലാളി സംഘടനയായ എസ്ഐപിഡബ്ലു ഇന്നലെ ഗൂഡാർവിളയിലെ കണ്ണൻ ദേവന്‍റെ കമ്പനി ഓഫീസിന് മുമ്പിൽ മാനേജരുടെ തെറ്റായ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്ത് വരുകയും സമരം സംഘടിപ്പിക്കുകയും ചെയ്തു. 

കണ്ണൻ ദേവൻ കമ്പനിയുടെ പേര് പരാമർശിച്ചാണ് യൂണിയൻ പ്രസിഡന്‍റ് എ കെ മണി രംഗത്തെത്തിയത്. രാഷ്ട്രീയ നേതാക്കൾ കമ്പനിയുടെ ആനുകൂല്യങ്ങൾ വാങ്ങി, തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദിക്കാതിരുന്നതാണ് അന്ന് സ്ത്രീ തൊഴിലാളികളെ ചൊടിപ്പിച്ചതും തുടർന്ന് സമരത്തിലേക്ക് നയിച്ചതും. 

എന്നാൽ ഇത്തവണ സമരം സ്വന്തം വരുതിയിൽ എത്തിക്കുന്നതിന് യൂണിയനുകൾ തന്ത്രങ്ങൾ മെനയുകയാണ്.' ഇത് ഒരു പരിധിവരെ ലക്ഷ്യം കാണുന്നുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുമോ എന്നുള്ള ഭയമാണ് നേതാക്കൾക്ക്. 500 രൂപ ദിവസക്കൂലിയെന്നുള്ള വ്യവസ്ഥ കമ്പനികൾ അംഗീകരിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ വീണ്ടും സങ്കീർണ്ണമാകും. ഇത് തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് തിരിച്ചടിയാവുകയും ചെയ്യും.

'പെമ്പിളൈ ഒരുമൈ' നേതാക്കളായ ഗോമതി, ലിസി, കൗസല്യ എന്നിവരുടെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന ' പെമ്പിളെ ഒരുമയുടെ ' ചരിത്ര സമരത്തിൽ അവർ ഉന്നയിച്ച അതേ ആവശ്യങ്ങളിൽ ഊന്നിത്തന്നെയാണ് ഇത്തവണ യൂണിയനുകൾ സമരം ഏറ്റെടുത്തിരിക്കുന്നത്. 

ദിവസക്കൂലിയായി 232 രൂപ വേതനമുണ്ടായിരുന്നപ്പോഴായിരുന്നു തോട്ടംമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ പെണ്‍മ്പിളൈ ഒരുമൈ, 2015 സെപ്തംബറില്‍ 500 രൂപ അടിസ്ഥാന ദിവസ കൂലിയായി പ്രഖ്യാപിക്കമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ബോണസ്, ശമ്പളവർധന എന്നിവ ആവശ്യപ്പെട്ട് കെ.ഡി.എച്ച്.പി. കമ്പനിയിലെ സ്ത്രീ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചതോടെയാണ് 'പെമ്പിളൈ ഒരുമൈ' ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. 

സമരത്തെ തുടര്‍ന്ന് 69 രൂപയുടെ വര്‍ദ്ധനവാണ് കമ്പനി തൊഴിലാളികള്‍ക്ക് നല്‍കിയത്. ഇതേ തുടര്‍ന്ന് ദിവസ വേതനം 301 രൂപയായി ഉയര്‍ന്നു. എന്നാല്‍ കമ്പനിയില്‍ നിന്നെടുത്ത കടവും ലോണും കഴിഞ്ഞാല്‍ മാസാവസാനം 2000, 3000 രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് കമ്പനിയില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. 
 

click me!