വിയറ്റ്നാം അതിഥി 'ഗാക് ഫ്രൂട്ടി'നെ നട്ടുവളർത്തി പരീക്ഷണം; വിജയം, തുടരാൻ നിലമൊരുക്കി ജോജോ

By Web TeamFirst Published Jun 6, 2021, 7:11 PM IST
Highlights

വിയറ്റ്നാമിൽ മാത്രം കണ്ടുവരുന്ന ഗാക് ഫ്രൂട്ട് വിജയകരമായി കൃഷി ചെയ്ത കർഷകനുണ്ട് അങ്കമാലിയിൽ. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി വ്യാവസായികാടിസ്ഥാനത്തിൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് അങ്കമാലി സ്വദേശി ജോജോ ഇപ്പോൾ.

അങ്കമാലി: വിയറ്റ്നാമിൽ മാത്രം കണ്ടുവരുന്ന ഗാക് ഫ്രൂട്ട് വിജയകരമായി കൃഷി ചെയ്ത കർഷകനുണ്ട് അങ്കമാലിയിൽ. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി വ്യാവസായികാടിസ്ഥാനത്തിൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് അങ്കമാലി സ്വദേശി ജോജോ ഇപ്പോൾ.

റംബുട്ടാന്‍, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴങ്ങളുടെ കൂട്ടത്തിൽപ്പെട്ടതാണ് ഗാക് ഫ്രൂട്ട്.  വള്ളിയായി പടര്‍ന്നു  വളരുന്ന ചെടിയിലെ ഒരു പഴത്തിന് 900 ഗ്രം മുതൽ ഒന്നരക്കിലോ വരെ തൂക്കമുണ്ട്. അങ്കമാലി അമലാപുരം സ്വദേശിയായ ജോജോ മൂന്നു വര്‍ഷം മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കൃഷി ഇന്ന് വിജയകരമാണ്.

പഴം കായ്ക്കുമ്പോൾ പച്ച നിറവും മൂപ്പെത്തുന്നതോടെ മഞ്ഞയും പഴുക്കുമ്പോൾ ചുവപ്പ് നിറവുമാകും. പഴത്തിനകത്ത് വിത്തിനോട് ചേർന്ന് ചുവപ്പ് നിറത്തിൽ കാണുന്ന ഭാഗവും പൾപ്പുമാണ് ഭക്ഷ്യയോഗ്യം. ഇത് ജ്യൂസായും ഭക്ഷണത്തോടൊപ്പവും കഴിക്കാം. 

ഗാകിന് ഔഷധഗുണവുമേറെ. കായും ഇലയും കൊണ്ട് പാചകം ചെയ്യാം. കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജോജോ. ഇതിനായി 60 സെന്റ് സ്ഥലത്ത് മുന്നൊരുക്കവും തുടങ്ങി. പഴത്തിൽ നിന്നും അസംസ്കൃത വസ്തുക്കൾ ഉൽപ്പാതിക്കാനുള്ള ശ്രമവും തുടങ്ങാനാണ് ലക്ഷ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!