
തിരുവനന്തപുരം: പാറശ്ശാല ഇടിച്ചയ്ക്ക് പ്ലാമൂട്ടിൽ വീട്ടിൽ നിന്നും പ്ലാറ്റിനം മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും മോഷ്ടിച്ചു. ഇടിച്ചയ്ക്ക് പ്ലാമൂട് ചാനൽക്കര വീട്ടിൽ ഷാഹുൽ ഹമീദിന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുള്ള പ്ലാറ്റിനം മാല, 20,000 രൂപ, വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ഹോണ്ട ബൈക്ക് എന്നിവയുമായി ആണ് മോഷ്ടാക്കൾ കടന്നത് എന്ന് പാറശാല പൊലീസ് പറഞ്ഞു.
വീട്ടുടമ ഷാഹുൽഹമീദിന്റെ മാതാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന്‍റെ മരണാനന്തര ചടങ്ങുകൾക്കായി ഷാഹുൽ ഹമീദും കുടുംബവും കളിയിക്കാവിളയിലുള്ള കുടുംബ വീട്ടിലായിലേക്ക് പോയ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്‍റെ മുൻവശത്തെ വാതിലിന്‍റെ പൂട്ടു തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലപിടിപ്പുള്ള പ്ലാറ്റിനം മാല, 20000, രൂപ എന്നിവയും വീട്ടിൽ ഉണ്ടായിരുന്ന താക്കോൽ കൈക്കലാക്കി പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുമായാണ് കടന്നത്. പാറശ്ശാല പൊലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം കോട്ടയത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കാഞ്ഞിരപ്പളളിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു എന്നതാണ്. മോഷ്ടാവിന്‍റെ സി സി ടി വി ദൃശ്യങ്ങളടക്കം ബസ് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചേനപ്പാടി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ കണ്ടക്ടറില്‍ നിന്നാണ് യാത്രക്കാരന്‍ പണം മോഷ്ടിച്ചത്. ജീവനക്കാർ ഊണുകഴിക്കാൻ ഹോട്ടലിലേക്ക് പോയ സമയത്ത് ബസിൽ ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് വെച്ച പണവും രേഖകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ച് കളളന്‍ കടന്നു കളയുകയായിരുന്നു. കളക്ഷൻ തുകയായ 3300 രൂപയാണ് മോഷണം പോയത്.