ശിശുദിനസ്റ്റാമ്പിൽ മിഴി തുറക്കും റിജുവിന്‍റെ വര, നേട്ടം ജന്മസിദ്ധമായ കഴിവുകൾക്ക്

Published : Nov 08, 2023, 12:45 PM IST
ശിശുദിനസ്റ്റാമ്പിൽ മിഴി തുറക്കും റിജുവിന്‍റെ വര, നേട്ടം ജന്മസിദ്ധമായ കഴിവുകൾക്ക്

Synopsis

കുട്ടികൾക്കിണങ്ങിയ ലോകം എന്ന സന്ദേശത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത 338 മത്സരാർത്ഥികളെ പിന്തള്ളിയാണ് റിജു എസ് രാജേഷ് ഒന്നാം സ്ഥാനത്ത് എത്തിയത്

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ്-2023-ൽ ചിത്രമായി തെളിയുന്നത് എറണാകുളം സ്വദേശിയായ ഈ മിടുക്കിയുടെ രചന. കുട്ടികൾക്കിണങ്ങിയ ലോകം എന്ന സന്ദേശത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത 338 മത്സരാർത്ഥികളെ പിന്തള്ളിയാണ് റിജു എസ് രാജേഷ് ഒന്നാം സ്ഥാനത്ത് എത്തിയത്. എറണാകുളം കുറുമശ്ശേരി അമ്പാട്ടു പറമ്പിൽ പോസ്ററൽ വകുപ്പിൽ പോസ്റ്റുമാനായ രാജേഷ് എ.എസിൻറേയും ഷബാനാ രാജേഷിൻറേയും ഇരട്ട പുത്രിമാരിലെ മൂത്തയാളാണ് റിജു.

ചെറുപ്പകാലം മുതൽ റിജുവിന് ചിത്രങ്ങളോട് അതിയായ താല്‍പര്യമുണ്ടായിരുന്നു. ഒന്നാം ക്ലാസ്സ് മുതൽ മുന്നിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം മനസ്സിൻറെ ക്യാൻവാസിൽ വരയ്ക്കും. നിരവധി ചിത്രങ്ങൾ കുട്ടിക്കാലത്തു തന്നെ വരച്ചു. കലാ പാരമ്പര്യമില്ലാതെ ജന്മസിദ്ധമായ കഴിവു കൊണ്ടു മാത്രം മകൾക്ക് വരയോടുള്ള അടുപ്പം മനസ്സിലാക്കിയ പോസ്റ്റൽ ഉദ്യോഗസ്ഥനായ അച്ഛൻ രാജേഷ് ചിത്ര അധ്യാപകരുടെ ശിക്ഷണത്തിന് മകളെ നിർബന്ധിച്ചെങ്കിലും റിജു വഴങ്ങിയില്ല. വീട്ടിലുള്ളവരുടേയും സ്കൂളിലെ അധ്യാപകരുടേയും മികച്ച പ്രോത്സാഹനത്താൽ റിജു സമ്മാനങ്ങൾ വാരിക്കൂട്ടി. എറണാകുളം അയിരൂർ സെൻറ് തോമസ് ഹയർ സെക്കൻററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് റിജു എസ്. രാജേഷ്. ഇരട്ടസഹോദരി റിഥി ഇതേ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പഠനത്തിലും മിടുക്കികളാണ് രണ്ടുപേരും. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ രണ്ടു പേരും ഫുൾ എ പ്ലസ് വാങ്ങിയിരുന്നു.

ലളിതകലാ അക്കാദമി മുൻ ചെയർമാനും പ്രശസ്ത ആർട്ട് ക്രിയേറ്ററുമായ നേമം പുഷ്പരാജാണ് സ്റ്റാമ്പിൻറെ ചിത്രം തെരഞ്ഞെടുത്തത്. ഭാവനാ സമ്പന്നവും അർത്ഥവത്തും ലളിതവും കാഴ്ച സൌന്ദര്യവും നൽകുന്നതുമാണ് റിജുവിൻറെ ചിത്രമെന്ന് ജൂറി വിലയിരുത്തി. സംസ്ഥാനത്തെ കുട്ടികളുടെ പ്രത്യേകിച്ചു അനാഥ ബാല്യങ്ങളുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനാണ് ശിശുദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ വിതരണത്തിലൂടെയുള്ള ധനസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്.

നവംബർ 14-ന് തിരുവനന്തപുരത്തു വച്ചു നടക്കുന്ന സംസ്ഥാനതല പൊതു സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണ ജോർജ്ജ്, വി. ശിവൻകുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇത്തവണത്തെ ശിശുദിന സ്റ്റാമ്പ് പുറത്തിറക്കും. റിജുവിനും പഠിക്കുന്ന സ്കൂളിനുമുള്ള പുരസ്കാരങ്ങളും റോളിംഗ് ട്രോഫിയും യോഗത്തിൽ വച്ച് സമ്മാനിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു
3 മക്കളിൽ രണ്ട് പേർക്കും ഹൃദ്രോഗം, 10 വയസുകാരിയുടെ ഹൃദയം തുന്നി ചേർക്കാൻ ഈ അമ്മയ്ക്ക് വേണം സുമനസുകളുടെ കരുതൽ