
ആലപ്പുഴ: നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ അപാകതയെന്ന് ആരോപണം. എല്ലാ പരീക്ഷകള്‍ക്കും വിജയം നേടിയ മൂപ്പതോളം വിദ്യാര്‍ഥികളുടെ പ്ലസ് ടുവിലെ മാര്‍ക്ക് വെട്ടിക്കുറച്ചെന്നാണ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടത്. വാര്‍ഷികപരീക്ഷ നടത്താത്ത സാഹചര്യത്തില്‍ സിബിഎസ്ഇ നിര്‍ദേശപ്രകാരം സ്‌കൂളിലെ വിവിധ പരീക്ഷകള്‍ പരിഗണിച്ചായിരുന്നു മാര്‍ക്ക് നിര്‍ണയം. പ്ലസ് വണ്ണില്‍ തോറ്റ കുട്ടിക്കുപോലും 90 ശതമാനത്തിന് മുളകില്‍ മാര്‍ക്കുണ്ട്. എല്ലാ വിഷയത്തിനും 95 ശതമാനത്തില്‍ മുകളില്‍ മാര്‍ക്കുണ്ടായിരുന്ന കുട്ടിക്ക് ലഭിച്ചത് 80 മുതല്‍ 86 ശതമാനംവരെ.
എങ്ങനെ മാര്‍ക്ക് കുറഞ്ഞുവെന്ന ചോദ്യത്തിന് ''മാര്‍ക്ക് കുറഞ്ഞതും തോറ്റതുമായ കുട്ടികള്‍ക്ക് കൂടിയ മാര്‍ക്കുള്ളവരില്‍നിന്ന് നല്‍കുകയായിരുന്നു. ഇല്ലെങ്കില്‍ സ്‌കൂളിന്റെ പേരിനെ അത് ബാധിക്കും'' എന്നാണ് പഠിപ്പിച്ച അധ്യാപകന്റെ മറുപടിയെന്ന് വിദ്യാര്‍ഥികളായ അപര്‍ണ രാജ്, എം.കൃഷ്ണ, എസ്.ശരണ്യ എന്നിവര്‍ പറയുന്നു.
കോമണ്‍ ബാച്ച്, എന്‍ട്രന്‍സ് കേന്ദ്രീകൃത പഠനമുള്ള സ്‌പെഷ്യല്‍ ബാച്ച് എന്നിങ്ങനെ രണ്ട് ബാച്ചുകളായാണ് ക്ലാസ് നടത്തിയിരുന്നത്. സ്‌പെഷ്യല്‍ ബാച്ചിനെ പഠിപ്പിക്കുന്നത് പുറത്തുനിന്നുള്ള അധ്യാപകരും. എന്നാല്‍ സിബിഎസ്ഇ നിര്‍ദ്ദേശപ്രകാരം മാര്‍ക്കിടേണ്ട സ്‌കൂളിലെ അധ്യാപകര്‍ സ്‌പെഷ്യല്‍ ബാച്ചിലെ കുട്ടികളെ ഒരു ക്ലാസില്‍പ്പോലും പഠിപ്പിച്ചിട്ടില്ല. കുട്ടികളെ കണ്ടിട്ടില്ലാത്ത അധ്യാപകര്‍ അങ്ങനെ വിലയിരുത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പരീക്ഷക്കുമുമ്പായി സംശയം ചോദിച്ചപ്പോള്‍ ഗൈഡ് നോക്കാം അല്ലെങ്കില്‍ 500 രൂപ അടച്ചാല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസിന്റെ ലിങ്ക് നല്‍കാമെന്നായിരുന്നു അധ്യാപകന്റെ പ്രതികരണമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിജയം ശതമാനം കൂടിയവരില്‍ അധ്യാപകരുടെ മക്കളുമുണ്ടെന്നും നന്നായി പഠിക്കുന്ന കുട്ടിയുടെ മാര്‍ക്കില്‍നിന്നും മറ്റുള്ളവര്‍ക്ക് മാര്‍ക്ക് നല്‍കിയാല്‍ പഠിച്ചവരുടെ ഉപരിപഠനത്തെ ബാധിക്കുമെന്നും ഇവര്‍ പറയുന്നു.
മൂന്നുലക്ഷം രൂപയാണ് രണ്ടുവര്‍ഷത്തേക്കുള്ള ഫീസ്. സ്വന്തമായി വീടുപോലുമില്ലാത്ത രക്ഷിതാക്കള്‍ മക്കളുടെ മികച്ച പഠനത്തിനായാണ് സ്‌കൂളില്‍ ചേര്‍ത്തത്. എന്നാല്‍ വലിയ തുക സംഭാവന നല്‍കി അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് മറ്റ് കുട്ടികളുടെ മാര്‍ക്ക് നല്‍കിയത് കുട്ടികളെ മാനസികമായി തകര്‍ത്തുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.
വിഷയത്തില്‍ സിബിഎസ്ഇ ആസ്ഥാനത്തും തിരുവനന്തപുരം റീജിയണല്‍ ഓഫീസിലും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതേസമയം ഫലപ്രഖ്യാപനത്തിനു പിന്നാലെയുണ്ടായ പ്രതിഷേധത്തില്‍ സിബിഎസ്ഇയുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാമെന്നാണ് പറഞ്ഞെങ്കിലും ഇത് നടക്കാതെ വന്നതോടെയാണ് പരസ്യപ്രതിഷേധമുണ്ടായതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam