
ഇടുക്കി: ബോഡിമെട്ടിൽ വീണ്ടും വേട്ടക്കാർ പിടിയിൽ. രാജാക്കാട് സ്വദേശികളായ ഡസിൻ, ദിനേശ് എന്നിവരെയാണ് അതിർത്തി മേഖലയായ ബോഡിമെട്ടിൽ നിന്നും പിടികൂടിയത്. ഒരാൾ ഓടി രക്ഷപ്പെട്ടു. പ്രതികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം ഇടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവരുടെ പക്കൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി.
കഴിഞ്ഞ ദിവസവും മൂന്ന് വേട്ടക്കാരെ തോക്ക് സഹിതം പിടികൂടിയിരുന്നു. കഴിഞ്ഞ രാത്രിയിൽ ബോഡിമെട്ടിനു സമീപത്തെ വന മേഖലയിൽ നിന്ന് ഉഗ്രശബ്ദത്തിൽ വെടിയൊച്ച കേട്ടിരുന്നു. ഇതേ തുടർന്ന് ദേവികുളം റേഞ്ച് ഓഫിസർ വെജി പിവി യുടെയും ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയൻ ജലധരന്റെയും നേതൃത്വത്തിൽ വന മേഖലയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തുകയായിരുന്നു.
തുടർന്ന് ദേശീയപാതയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോ കണ്ടെത്തുകയും ഇവിടെ കാത്തിരിക്കുകയുമായിരുന്നു. പുലർച്ചയോടെ വന മേഖലയിൽ നിന്നും മൂന്ന് പേർ എത്തി. ഇവർ വാഹനത്തിൽ കയറിയപ്പോൾ ഉദ്യോഗസ്ഥർ തടയാൻ ശ്രമിക്കുകയും ചിന്നക്കനാൽ സെക്ഷൻ ഫോറസ്ററ് ഓഫിസറെ ഇടിച്ച് വാഹനം മുമ്പോട്ട് ഓടിച്ചു പോവുകയുമായിരുന്നു.
തുടർന്ന് ഇവരെ വാഹനത്തിൽ പിന്തുടർന്നാണ് വനം വകുപ്പ് പിടികൂടിയത്. ഇതിനിടെ പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഒരാൾ ഓടി രക്ഷപെടുകയുമായിരുന്നു. വേട്ടയ്ക്കായി പ്രതികൾ കൊണ്ടുവന്ന നാടൻ തോക്ക് ശാന്തൻപാറ പൊലീസിൽ കൈമാറി. പ്രതികൾ വേട്ട നടത്തിയോ എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ വനം വകുപ്പ് മൂന്ന് പേരെ പിടികൂടിയിരുന്നു. തോക്കും തിരകളും നാല് മാസം മുൻപ് ഈ സംഘം വേട്ട നടത്തിയ ഭാഗത്ത് നിന്ന് കാട്ടു പോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. അതിർത്തി വന മേഖലയോട് ചേർന്നുള്ള പ്രദേശതു നിന്നും വേട്ട സംഘങ്ങളെ പിടികൂടിയത്തോടെ മേഖലയിൽ, വനം വകുപ്പ് പരിശോധന കർശനമാക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam