
കണ്ണൂർ : സിപിഎം നേതാവിനെതിരെ കാപ്പ ചുമത്തിയതിൽ പ്രതിഷേധവുമായി അണികൾ തെരുവിൽ. കണ്ണൂർ മേലേ ചമ്പാട്ടെ പ്രാദേശിക നേതാവ് രാഗേഷിന് പിന്തുണയുമായാണ് പാർട്ടി വിലക്ക് ലംഘിച്ച് സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേർ പ്രകടനം നടത്തിയത്. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഗേഷ്.
സിപിഎം അംഗങ്ങൾ കൂടി പങ്കെടുത്താണ് പൊലീസിനെതിരെ പ്രതിഷേധം പ്രകടനം നടത്തിയത്. കെസികെ നഗറിലെ മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ചംഗവുമായ രാഗേഷിനെ കാപ്പ ചുമത്തി നാടുകടത്തിയതിനെതിരെയായിരുന്നു സമരം. വീട് ആക്രമിക്കൽ, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് രാഗേഷ്. കഴിഞ്ഞ ദിവസമാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. പിന്നാലെ മേലെ ചമ്പാട് സിപിഎമ്മിൽ പ്രതിഷേധമുയർന്നു. സാമൂഹമാധ്യമങ്ങളിൽ രാഗേഷിന് പിന്തുണ പോസ്റ്റുകൾ. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഗേഷിനെതിരെ കരിനിയമം പ്രയോഗിച്ചപ്പോൾ നേതാക്കൾ തിരിഞ്ഞുനോക്കിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ ആക്ഷേപം. പ്രതിഷേധം തണുപ്പിക്കാൻ സിപിഎം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ പ്രകടനവുമായി അണികൾ തെരുവിലിറങ്ങുകയായിരുന്നു.
സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ പ്രകടനത്തിലുണ്ടായില്ല. രാഗേഷിനെതിരെയുളളത് നിയമപരമായ നടപടിയാമെന്നും പാർട്ടിക്ക് പങ്കില്ലെന്നുമാണ് സിപിഎം വിശദീകരണം. നേരത്തെ രാഗേഷിനെ സസ്പെൻഡ് ചെയ്ത സിപിഎം പിന്നീട് ബ്രാഞ്ച് കമ്മിറ്റിയിൽ തിരിച്ചെടുത്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam