
തിരുവനന്തപുരം: 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അയിരൂർ സ്വദേശി ബൈജു (41) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്നു മാസം അധിക തടവ് കൂടി അനുഭവിക്കണം എന്ന് കോടതി വ്യക്തമാക്കി.
2021 ഓഗസ്റ്റ് 13ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി കുട്ടിയുടെ വീട്ടിൽ നിന്ന് ഭക്ഷണം പാത്രത്തിൽ വാങ്ങിയിരുന്നു. ഈ പാത്രം തിരിച്ചുവാങ്ങാൻ പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. കടന്നുപിടിച്ച പ്രതിയെ തള്ളിയിട്ടതിനുശേഷം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞു.
തുടർന്ന്, അയിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ്ർ വിജയ് മോഹൻ ഹാജരായി. കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകൾ ഹാജരാക്കി. അയിരുർ എസ് ഐയായിരുന്ന ആർ സജീവാണ് കേസ് അന്വേഷിച്ചത്. പിഴ തുക ഈടാക്കി കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.
അതേസമയം, കോട്ടയം പള്ളിക്കത്തോട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നു. സുനില്‍ കുമാര്‍ എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2014ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതോടെയാണ് പ്രതി കുടുങ്ങിയത്. ഇതിനൊടുവിലാണ് ഇയാളെ മലപ്പുറം വേങ്ങാട് ഭാഗത്ത് നിന്ന് പിടികൂടാൻ സാധിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്എച്ച്ഒ അജീബ് ഇ, എസ്ഐ മാത്യു പി ജോണ്‍ , സിപിഒമാരായ നിതിന്‍ ചെറിയാന്‍, സജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam