സി സി ടി വിയിൽ പതിഞ്ഞ വാഹനത്തിൻറെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരട്ടയാർ അണക്കട്ടിൽ നിന്ന് വലിയ ദുർഗന്ധം വമിച്ചതോടെ സമീപവാസികളും യാത്രക്കാരും നടത്തിയ പരിശോധനയിൽ ആണ് രണ്ട് ഇടങ്ങളിലായി മാലിന്യം തള്ളിയതായി കണ്ടെത്തിയത്.

കട്ടപ്പന: ഇടുക്കി കട്ടപ്പനക്കടുത്തുള്ള ഇരട്ടയാർ അണക്കട്ടിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി. ഡാമിൽ രണ്ടിടത്തായാണ് ലോറിയിൽ എത്തിച്ച മാലിന്യം തള്ളിയത്. സി സി ടി വിയിൽ പതിഞ്ഞ വാഹനത്തിൻറെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരട്ടയാർ അണക്കട്ടിൽ നിന്ന് വലിയ ദുർഗന്ധം വമിച്ചതോടെ സമീപവാസികളും യാത്രക്കാരും നടത്തിയ പരിശോധനയിൽ ആണ് രണ്ട് ഇടങ്ങളിലായി മാലിന്യം തള്ളിയതായി കണ്ടെത്തിയത്.

തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും വാർഡ് മെമ്പറുമടക്കമുള്ളവർ സ്ഥലത്തെത്തി പ്രദേശത്തെ സി സി ടി വികൾ പരിശോധിച്ചു. രാത്രി പതിനൊന്ന് മണിയോടെ ഇവിടെ നിന്ന് പോയ ചുവപ്പ് നിറമുള്ള ലോറിയിൽ ആണ് മാലിന്യം എത്തിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഈ വാഹനം കടന്ന് പോകുന്നത് കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ അടക്കം പഞ്ചായത്ത് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.

ഇരട്ടയാർ പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിക്കുൾപ്പെടെ വെള്ളമെടുക്കുന്നത് ഈ അണക്കെട്ടിൽ നിന്നാണ്. അതിനാൽ കുടിവെള്ളം തിളപ്പിച്ച് മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ മീൻ പിടിച്ച് ജീവിക്കുന്നവരെയും ഇത്‌ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രതികളെയും വാഹനവും ഉടൻ പിടികൂടുമെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നീണ്ടൂരില്‍ വിളവെടുപ്പു നടത്തി പാടശേഖരത്തിൽ പടുതയിട്ട് മൂടി സൂക്ഷിച്ചിരുന്ന നെല്ലിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം നിക്ഷേപിച്ചത് വലിയ വാര്‍ത്തയായി മാറിയിരുന്നു.

നീണ്ടൂർ മുടക്കാലി പാലത്തിനു സമീപം വെള്ളിക്കണ്ണി പാടശേഖരത്തിലാണ് സാമൂഹ്യ വിരുദ്ധരുടെ മന:സാക്ഷിയില്ലാത്ത പ്രവൃത്തിയുണ്ടായത്. കൊയ്തു മെതിച്ച് സൂക്ഷിച്ചിരുന്ന നെല്ല് ഇന്നലെ രാവിലെ പടുത നീക്കി ചാക്കിൽ നിറയ്ക്കുന്നതിനിടയിലാണ് നെൽ കൂനയുടെ അടിഭാഗം നനഞ്ഞിരിക്കുന്നത് കർഷകരുടെ ശ്രദ്ധയിൽ പെട്ടത്. രണ്ട് ഏക്കറിൽ നിന്ന് വിളവെടുത്ത നെല്ലാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. നെല്ലിന്റ നല്ലൊരു ഭാഗം ഉപയോഗിക്കാൻ കഴിയാത്ത നിലയിലായെന്ന് പാടശേഖര സമിതി സെക്രട്ടറി ജേക്കബ് തോമസ് പറഞ്ഞു.

വയോധികനായ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പണം തട്ടി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍