
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയ ശേഷം പീഡിപ്പിച്ച കേസിൽ യുവാവിന് 52 വർഷം കഠിന തടവ്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധി തവണ ലൈംഗിക പീഢനത്തിനിരയാക്കുകയും തുടർന്ന് വിവാഹ ബന്ധത്തിൽ നിന്ന് പിൻമാറുകയും ചെയ്ത കേസിൽ കോന്നി ഐരവൺ ചവണിക്കോട്ട്, പാറയിൽ പുത്തൻ വീട്ടിൽ സുനിൽ മകൻ സുധീഷ് (24) നെയാണ് കോടതി ശിക്ഷിച്ചത്. 52 വർഷം കഠിന തടവിനും രണ്ടു ലക്ഷത്തി നാൽപത്തയ്യായിരം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ രണ്ടര വർഷം അധിക കഠിന തടവും അനുഭവിക്കണമെന്ന് പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ വിധഘിച്ചു,
2021 ൽ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിയെ ആണ് പ്രതി പറഞ്ഞ് പറ്റിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വിവാഹ വാഗ്ദാനം നൽകി 2021 കാലയളവിൽ നിരവധി തവണ പെൺകുട്ടിയെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ചുകയറിയ പ്രതിയെ, കുട്ടിയുടെ മാതാപിതാക്കളാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ആണ് ഹാജരായത്.
കേസിൽ ഇന്ത്യൻ പീനൽ കോഡിലേയും പോക്സോ ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പക്ടർ ആയിരുന്ന സി. ബിനുവാണ് അന്വേഷണം നടത്തി അന്തിമ ചാർജ്ജ് സമർപ്പിച്ചത്. പ്രതിയുടെ പ്രായം കണക്കിലെടുത്തും 6 മാസം മാത്രം പ്രായമായ ഒരു കുട്ടിയുടെ പിതാവാണെന്ന പരിഗണയിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പ്രത്യേകം പരാമർശിച്ചുള്ളതിനാൽ പ്രതിക്ക് തുടർച്ചയായി 20 വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും. ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും കോടതി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam