
സുൽത്താൻബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പൊലീസ്. ജൂലൈയിൽ ജില്ലാതിർത്തിയായ കോട്ടൂരിൽ എംഡിഎംഎയുമായി സ്ഥിരം ലഹരി വിൽപ്പനക്കാരനെ പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് വലയിലാക്കി. മേപ്പാടി റിപ്പൺ 52 പുല്ലാട്ടിൽ വീട്ടിൽ എം. ജെയ്സൽ(26)നെയാണ് അമ്പലവയൽ എസ്ഐ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയല് പൊലീസും ചേര്ന്ന് തിങ്കളാഴ്ച ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ വലിക്കുന്ന പൈപ്പ് കണ്ടെടുത്തു. ഇയാൾക്കെതിരെ കൽപ്പറ്റയിൽ ലഹരി കേസുണ്ട്.
ജൂലൈ 26ന് കോട്ടൂരിൽ നടത്തിയ പരിശോധനയിൽ 124.39 ഗ്രാം എംഡിഎംഎയുമായി കല്പ്പറ്റ, മുണ്ടേരി, താന്നിക്കല് വീട്ടില് വേണുഗോപാല്(35) പിടിയിലായ സംഭവത്തിലാണ് കൂടുതൽ അറസ്റ്റ്. അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ ഇയാളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയല് പൊലീസും ചേര്ന്നാണ് പിടികൂടിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾക്ക് എംഡിഎംഎ കൈമാറിയ ബത്തേരി പള്ളിക്കണ്ടി കല്ലുവയൽ ജാസിം അലി (30)യെ കഴിഞ്ഞ മാസം ഒൻപതിന് വൈകീട്ട് ബത്തേരിയിൽ വച്ച് അമ്പലവയൽ പോലീസ് പിടികൂടിയിരുന്നു. തുടർന്നാണ്,ലഹരി വാങ്ങാൻ പണം നൽകിയ ജെയ്സലിനെയും പോലീസ് വലയിലാക്കുന്നത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കടത്ത്, വില്പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്റ്റേഷന് പരിധികളിലും ജില്ലാ അതിര്ത്തികളിലും ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നിയമനടപടികളും പോലീസ് സ്വീകരിച്ചു വരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam