
ഹരിപ്പാട്: സഹായം ആവശ്യപ്പെടുന്നവരുടെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരീലകുളങ്ങര മലമേൽഭാഗം ഇടപ്പളളി തെക്കതിൽ സന്തോഷാണ് (42) അറസ്റ്റിലായത്. പുതിയവിള സ്വദേശികളായ പൊടിയൻ, ചന്ദ്രൻ എന്നിവരുടെ എ.ടി.എം. കൈക്കലാക്കി 1,03,600 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
പ്രായമായവരും സ്ത്രീകളും എടിഎം കൗണ്ടറിൽ കയറുമ്പോൾ ഇയാളും പണം എടുക്കാനെന്ന വ്യാജേന കൂടെ കയറിയാണ് തട്ടിപ്പ് നടത്തുന്നത്. പണം പിൻവലിക്കാൻ വൈദഗ്ദ്ധ്യമില്ലാത്തവർ സഹായം ആവശ്യപ്പെടും. പണം എടുത്തു നൽകുന്നതിന് പകരം മിനി സ്റ്റേറ്റ് മെന്റോ ബാലൻസ് സ്ലിപ്പോ ഇയാള്‍ അടിച്ച് നൽകും. പിന്നീട് നൽകിയ എടിഎം കാർഡിന് പകരം പണമില്ലാത്ത മറ്റൊരു കാർഡായിരിക്കും സ്ലിപ്പിനൊപ്പം ഇയാൾ തിരികെ നൽകുന്നത്.
റിട്ടേഡ് ഗ്രഫ് ജീവനക്കാരമായ പുതിയവിള സ്വദേശി, പൊടിയനാണ് 99,300-രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ ജനുവരി 24-ന് വേലഞ്ചിറയിൽ വച്ചാണ് പ്രതി പൊടിയനെ കബളിപ്പിച്ച് എടിഎം കാർഡ് കൈക്കലാക്കിയത്. തുടർന്ന് ഫെബ്രുവരി ആറു മുതൽ 13-വരെ ഓച്ചിറ, പുതിയിടം. ചാരുംമൂട്, കറ്റാനം, കരീലകുലങ്ങര, കൊറ്റുകുളങ്ങര തുടങ്ങിയ പ്രദേശത്തെ എടിഎമ്മിൽ നിന്നായി ഇയാള്‍ പലപ്പോഴായി പണം പിൻവലിക്കുകയായിരുന്നു.
ജനുവരിയിൽ തന്നെയാണ് ചന്ദ്രന്റെ 4,300 രൂപയും സന്തോഷ് തട്ടിയെടുത്തത്. ഇദ്ദേഹത്തിന്റെ കെട്ടിട നിർമാണ ക്ഷേമനിധി പെൻഷൻ തുകയാണ് കബളിപ്പിച്ചെടുത്തത്. സിസിടിവി ദൃശ്യങ്ങളും ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെകുറിച്ചുളള സൂചന ലഭിച്ചത്. പണം നഷ്ടപ്പെട്ട ഒരാൾ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
ഒൻപത് മാസം മുമ്പ് വിജയകുമാർ എന്നയാളിന്റെ 1,08,000 രൂപയും എടിഎമ്മിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. കൂടാത ഓച്ചിറ, കായംകുളം വളളികുന്നം, തുടങ്ങിയ സ്‌റ്റേഷനുകളിലും സമാനമായ കേസുകൾ നിലവിലുണ്ട്. ഈ കേസുകളിലും സന്തോഷിന് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണ്. ഇയാൾക്ക് മറ്റ് സഹായികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജില്ലാ പോലീസ് മേധാവി കെ എം ടോമിയുടെ നിർദ്ദേശപ്രകാരം കായംകുളം ഡിവൈഎസ്പി ആർ ബിനു രൂപവത്ക്കരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കനകക്കുന്ന് എസ്ഐ സോണി മത്തായി, എഎസ്ഐ അലി അക്ബർ, സീനിയർ സിപിഒമാരായ എൻ വി ഷിബു, എസ് ഷിബു, ശ്യം, സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam