
കോഴിക്കോട് : ക്ഷേത്ര കവർച്ചാക്കേസുകളിലെ പ്രതിയെ 14 വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. പുതുപ്പാടി കക്കാട് നാക്കിലമ്പാട് കോളനിയിലെ ബാബു എന്ന കറുത്തുണ്ടി ബാബു (32) ആണ് പിടിയിലായത്. നിരവധി കവർച്ചാ കേസുകളില്‍ പ്രതിയായ ബാബുവിനെതിരെ അഞ്ച് എല്‍ പി വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
2007 ഒക്ടോബര്‍ 26 ന് കരികുളം അന്നപൂര്‍ണ്ണ ദേവി ക്ഷേത്രത്തിലെ ശ്രീകോവിലിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പണം ഉള്‍പ്പെടെ മോഷണം നടത്തിയതിനും 2007 ഡിസംബര്‍ 5 ന് പുതുപ്പാടി കക്കാട് സ്വദേശി സ്റ്റീഫന്‍റെ എസ്റ്റേറ്റില്‍ നിന്നും റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചതിനും താമരശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. കൂടാതെ ബാലുശ്ശേരി, അത്തോളി, മുക്കം, കോടഞ്ചേരി, സ്‌റ്റേഷനുകളിലും ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർന്നതിന് ഇയാള്‍ക്കെതിരെ മോഷണ കേസുകള്‍ നിലവിലുണ്ട്.
മൂന്ന് കേസുകളില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ താമരശ്ശേരി പൊലീസ് മൂന്നുതവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് തവണ ബാലുശ്ശേരി പൊലീസ് വയനാട് വെണ്ണിയോട് കോളനിയിലെ ഒളിത്താവളത്തിലെത്തി ബാബുവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെ കൈതപ്പൊയില്‍ ഇരുപത്തിയാറാം മൈലിലെ കള്ളുഷാപ്പില്‍ വെച്ച് എഎസ്ഐ പികെ സുരേഷ്, സിപിഒ ഷിജു എന്നിവരാണ് ബാബുവിനെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam