കർണാടകയിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവിനെ പിടികൂടി. മാനന്തവാടിയിൽ വെച്ച് കേരള പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് ഇയാളെ തന്ത്രപൂർവ്വം പിടികൂടി കര്‍ണാടക പൊലീസിന് കൈമാറി.
മാനന്തവാടി: കര്‍ണാടകയില്‍ വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലെ നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ കേരള പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പിടികൂടി കര്‍ണാടക പൊലീസിന് കൈമാറി. ഗോണിക്കുപ്പ പൊലീസ് സ്റ്റേഷനിലുള്‍പ്പെടെ 27 മോഷണക്കേസുകളില്‍ പ്രതിയായ നല്ലൂര്‍നാട് നാലാംമൈല്‍ കുനിയില്‍ വീട്ടില്‍ ഉബൈദ് (37) നെയാണ് ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടി കൈമാറിയത്.
മാര്‍ച്ച് 13-ന് ഉച്ചയോടെയായിരുന്നു സംഭവം. ഉബൈദിനെ പിടികൂടുന്നതിനായി കര്‍ണാടക പൊലീസ് മാനന്തവാടി പൊലീസിന്റെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. പ്രതിയായ ഉബൈദ് മാനന്തവാടിക്കടുത്ത ചാമാടിപ്പൊയില്‍ പ്രദേശത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണാടക പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ പൊലീസിനെ കണ്ടതും ഇയാള്‍ രക്ഷപ്പെടാനായി സമീപത്തെ പുഴയിലേക്ക് ഇറങ്ങി വെള്ളത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇതിനകം തന്നെ മാനന്തവാടി പൊലീസിന്റെ സഹായം കര്‍ണാടക പൊലീസ് തേടിയിരുന്നു. പ്രതി വെള്ളത്തില്‍ നിലയുറപ്പിച്ചതോടെ കേരള പൊലീസ് ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.
ഫയര്‍ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രതിയെ തന്ത്രപൂര്‍വ്വം കരക്കെത്തിച്ച കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് മാനന്തവാടി സ്റ്റേഷനിലെത്തിച്ചു. പിന്നീട് നിയമനടപടികള്‍ പൂര്‍ത്തിയാക്കി കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു. മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ റഫീഖ്, എ.എസ്.ഐ ബിജു വര്‍ഗീസ്, ഡ്രൈവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍, സിവില്‍ പൊലീസ് ഓഫീസറായ അബ്ദുല്‍ വാജിദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.


