
കോഴിക്കോട്: നിരവധി കേസുകളിലെ പ്രതിയും കാപ്പ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുമായ യുവാവിനെ സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ പോലീസ് പിടികൂടി. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി അറപ്പൊയില്‍ വീട്ടില്‍ മുജീബി(39) നെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ാം തിയ്യതി ഉച്ചയ്ക്ക് മാനാഞ്ചിറക്ക് സമീപം നിര്‍ത്തിയിട്ട ചെലവൂര്‍ സ്വദേശിയായ രഞ്ജുവിന്റെ ഉടമസ്ഥതയിലുള്ള ആക്ടീവ സ്‌കൂട്ടറുമായി മുജീബ് കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുജീബിലേക്കെത്തിയത്. തുടര്‍ന്ന് ഇയാളെ കുന്ദമംഗലം പരിസരത്ത് വെച്ച് പിടികൂടുകയുമായിരുന്നു.
കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ ഇയാളുടെ പേരില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍പ്പെട്ട കൊണ്ടോട്ടി, കരിപ്പൂര്‍ അരീക്കോട്, എടച്ചേരി, കൊടുവള്ളി ,അത്തോളി, കുന്ദമംഗലം, പന്തീരങ്കാവ്, ടൗണ്‍, നടക്കാവ്, വെള്ളയില്‍ പോലീസ് സ്റ്റേഷനുകളിലായി മോഷണത്തിനും പിടിച്ചുപറിക്കും ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകള്‍ നിലവിലുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന മുജീബ് ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും മോഷണ കേസില്‍ ഉള്‍പ്പെടുകയായിരുന്നു. ടൗണ്‍ പോലീസ് എസ്‌ഐ ശ്രീജേഷ്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസാദ്, അജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നൈജീഷ്, രജീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam