
തിരുവനന്തപുരം: ആർമി ട്രക്ക് മരത്തിലിടിച്ച് കുടുങ്ങി ഗതാഗതം തടസപ്പെട്ടു. ഇന്ന് ഉച്ചയോടെ പാപ്പനംകോട് - മലയിൻകീഴ് പ്രധാന റോഡിലായിരുന്നു ട്രക്ക് മണിക്കൂറുകളോളം വഴിമുടക്കിയത്. പൂഴിക്കുന്നിന് സമീപത്ത് നിന്നും എത്തിയ ഇന്ത്യൻ ആർമിയുടെ ട്രക്ക് പൂഴിക്കുന്ന് വളവിലെ മരത്തിൽ ഇടിച്ചതോടെ മരം താഴ്ന്ന് ട്രക്കിന് മുകളിലേക്ക് ചരിഞ്ഞു. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്.
മിലിറ്ററി സാധനങ്ങൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്ന സാധാരണയിലും ഉയരമുള്ള ട്രക്കാണ് റോഡിൽ കുടുങ്ങിയത്. മുന്നോട്ടും പിന്നോട്ടും അനങ്ങാതെയായതോടെ റോഡിൽ ഗതാഗതം തടസപ്പെട്ടു. പിന്നാലെയെത്തിയ വാഹനങ്ങൾ കുരുക്കിലായതോടെ വാഹനത്തിലുണ്ടായ വരും എന്തിനും തയ്യാറായെത്തി. മിലിറ്ററി ഉദ്യോഗസ്ഥരും ഡ്രൈവർമാരുമടക്കം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വാഹനം ഒരിഞ്ച് നീക്കാനായില്ല. ഇതോടെയാണ് ഫയർഫോഴ്സിൽ വിളി എത്തുന്നത്. തിരുവനന്തപുരം യൂണിറ്റിൽ നിന്നും പാഞ്ഞെത്തിയ സേനാംഗങ്ങൾ വാഹനത്തിൻ്റെ മുകളിൽ കയറി മരം മുറിച്ചതോടെയാണ് പ്രശ്നം പരിഹരിക്കാനായത്. ഒരു മണിക്കൂറെടുത്താണ് ആ ഭാഗത്തെ മരക്കഷണങ്ങൾ മറ്റ് അപകടങ്ങളൊന്നുമില്ലാതെ മുറിച്ചുമാറ്റിയത്.ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പഴയപടിയായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam