
തിരുവനന്തപുരം: ഇരുന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയായ അന്തര്‍ജില്ലാ മോഷ്ടാവും കൂട്ടാളികളായ സ്ത്രീകളും അറസ്റ്റില്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി ഇരുന്നൂറിലധികം കവര്‍ച്ച കേസ്സുകളില്‍ പ്രതിയായിരുന്നയാള്‍, ജില്ലയില്‍ കഴിഞ്ഞ മൂന്നുമാസങ്ങള്‍ക്കിടെ നടത്തിയ പത്തോളം കവര്‍ച്ച പരമ്പരകള്‍ക്കൊടുവിലാണ് പൊലിസ് പിടിയിലായത്.
2019 ഒക്ടോബര്‍ മാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ മോചിതനായ ശേഷം തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം, മംഗലപുരം, വര്‍ക്കല, നഗരൂര്‍ കൊല്ലം ജില്ലയിലെ പുനലൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളില്‍ രാത്രി സമയത്ത് പത്തോളം വീടുകളുടെ വാതിലുകള്‍ തകര്‍ത്ത് 100 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസുകളിലെ പ്രതിയാണ്. കഴക്കൂട്ടം മേനംകുളം പുത്തന്‍തോപ്പ് 'സെഞ്ച്വറി ഫസലുദീന്‍' എന്ന വിളിപ്പേരുള്ള ഫസലുദീനെയാണ് വര്‍ക്കല പൊലിസ് അറസ്റ്റ് ചെയ്തത്.
വര്‍ക്കല കണ്ണമ്പയില്‍ സജീവ് എന്നയാളുടെ വീടിന്‍റെ പിറകിലത്തെ വാതില്‍ പൊളിച്ച് 7 പവന്‍ സ്വര്‍ണവും 45000 രൂപയും കവര്‍ന്ന കേസ്, വര്‍ക്കല പുന്നമൂട് സ്വദേശി രമേശ് കുമാറിന്‍റെ വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്ത് 17 പവന്‍ സ്വര്‍ണാഭരണങ്ങളും 25000 രൂപയും കവര്‍ന്ന കേസ്, വര്‍ക്കല കുരക്കണ്ണി സ്വദേശി മനോജിന്‍റെ വീടിന്‍റെ ജനല്‍ തകര്‍ത്ത് 2 പവന്‍ സ്വര്‍ണവും 10000 രൂപയും കവര്‍ന്ന കേസ്, തിരുവനന്തപുരം പള്ളിപ്പുറം വരിച്ചിറ കണല്‍ ശ്രീ ഭദ്രകാളി ദേവിക്ഷേത്രത്തിലെ കവര്‍ച്ച, തിരുവനന്തപുരം കഠിനംകുളം സ്വദേശി ഗായത്രിയുടെ വീടിന്‍റെ വാതില്‍ തകര്‍ത്ത് 15 പവന്‍ സ്വര്‍ണം കവര്‍ന്ന കേസ്, കണിയാപുരം അണ്ടൂര്‍ക്കോണം മസ്താന്‍മുക്ക് ടിബു എന്നയാളുടെ വീട്ടില്‍ കയറി 5 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസ് ഉള്‍പ്പെടെ പത്തോളം കവര്‍ച്ച കേസ്സുകളിലെ പ്രതിയാണ് ഫസലുദീനെന്ന് വര്‍ക്കല പൊലിസ് വ്യക്തമാക്കി.
ഫസലുദീന്‍ കവര്‍ച്ച ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ മുഴുവനും ഇയാളുടെ സഹോദരി തിരുവനന്തപുരം കണിയാപുരം ചിറക്കല്‍ സ്വദേശികളായ ഷാഹിദ (55) അസീല ( 32) എന്നിവരാണ് ജൂവലറികള്‍ വഴിയും സ്വര്‍ണപണയ സ്ഥാപനങ്ങള്‍ വഴിയും വിറ്റഴിക്കുന്നത്. രണ്ടു സ്ത്രീകളെയും മോഷണ മുതല്‍ കൈമാറ്റം ചെയ്തതും ഒളിപ്പിച്ചു വച്ചതുമായ കുറ്റങ്ങള്‍ക്കുമാണ് അറസ്റ്റ് ചെയ്തത്. പച്ചക്കറി ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്തും, ആക്രി സാധനങ്ങള്‍ ശേഖരിക്കാനായി നടന്നു പകല്‍ സമയം ആളില്ലാത്ത വീടുകള്‍ നോക്കിവച്ചതിന് ശേഷമാണ് രാത്രികളില്‍ കവര്‍ച്ച നടത്തുന്നത്. ആറ്റിങ്ങല്‍ DYSP P.V ബേബിയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam