
തിരുവനന്തപുരം: നിരവധി മോഷണക്കേസിലെ ക്രിമിനൽ സംഘത്തെ പിടികൂടി പാങ്ങോട് പൊലീസ്. സാഹസികമായാണ് പ്രതികളുടെ വാഹനം പിന്തുടർന്ന് മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയത്. പാസ്പോർട്ടും ലാപ്ടോപ്പും കവർച്ച ചെയ്ത അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
പാങ്ങോട് സ്റ്റേഷൻ പരിധിയിൽപ്പെട്ട കല്ലറ കുറുമ്പയം പച്ചയിലെ ഒരു വീട്ടിൽ നിന്നാണ് ലാപ്ടോപ്പും പാസ്പോർട്ടും മോഷ്ടിച്ചത്. വീട്ടുടമ ഷൈബ വിദേശത്തേക്ക് പോകാനിരിക്കെയാണ് പാസ്പോർട്ട് മോഷ്ടിച്ചത്. സ്ഥിരം മോഷ്ടാക്കളായ മുഹമ്മദ് ഖാൻ, അഫ്സൽ, സമീർ എന്നിവരാണ് മോഷ്ടാക്കളെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് ഇവർക്ക് പിന്നാലെ കൂടി. ഇന്നലെ രാത്രി കല്ലറിയിൽ പ്രതികള്‍ വാഹനത്തിൽ കറങ്ങുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചു. വാഹനത്തിന് പിന്നാലെ പൊലീസുണ്ടെന്ന മനസിലാക്കി പ്രതികള്‍ ശരവേഗത്തിൽ വാഹനമോടിച്ചു. പൊലീസും പിന്നാലെ. ഇതിനിടെ വിവരമറിഞ്ഞ നാട്ടുകാർ റോഡിൽ ചില സാധനങ്ങള്‍ വച്ച് മാർഗ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചു. അതെല്ലാം ഇടിച്ചു തെറിപ്പിച്ച് പ്രതികള്‍ മുന്നോട്ടുപോയി. ചൂണ്ടയിൽ വെച്ച് പിന്തുടർന്ന് പ്രതികളെ പിടികൂടി.
വാഹനത്തിൽ കറങ്ങി നടന്ന് ആളില്ലാത്തെ വീടുകള്‍ കണ്ടുവയ്ക്കും പിന്നീടാണ് പ്രതികളുടെ മോഷണം. സ്വർണവും പണവും ഇലക്ട്രിക്കോണിക് ഉപകരണങ്ങള്‍ മാത്രമല്ല റബർ ഷീറ്റുവരെ മോഷ്ടിച്ചു, മുഹമ്മദ് ഖാൻ മുംബൈയിൽ തട്ടിപ്പ് കേസിൽ പ്രതിയാണ്. സമീർ പോക്സോ കേസിലെ പ്രതിയാണ്. വിതുര സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്.