മൂന്നാം ക്ലാസുകാരന് ട്യൂഷന്‍ ക്ലാസില്‍ മര്‍ദ്ദനം; വാര്‍ഡ് മെമ്പറുടെ പരാതിയില്‍ അധ്യാപകനെതിരേ കേസ്

By Web TeamFirst Published Jun 4, 2020, 4:42 PM IST
Highlights

കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന മുളക്കുഴ പഞ്ചായത്ത് 18-ാം വാര്‍ഡ് മെമ്പര്‍ പി.വി.ഐശ്വര്യയുടെ പരാതിയിലാണ് നടപടി. കുട്ടിയുടെ മാതാപിതാക്കള്‍ രേഖാമൂലം പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.

ചെങ്ങന്നൂര്‍: ചെങ്ങന്നൂർ മുളക്കുഴിയിൽ ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ മൂന്നാം ക്ലാസ് വിദ്യാ‌ർത്ഥിയെ ട്യൂഷന്‍ അധ്യാപകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസെടുത്തു. ട്യൂഷന്‍ അധ്യാപകനായ മുളക്കുഴ സ്വദേശി  പിരളശ്ശേരി മുരളികയില്‍ മുരളീധരനെതിരേയാണ് പൊലീസ് കേസ് എടുത്തത്. കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന മുളക്കുഴ പഞ്ചായത്ത് 18-ാം വാര്‍ഡ് മെമ്പര്‍ പി.വി.ഐശ്വര്യയുടെ പരാതിയിലാണ് നടപടി.

ശനിയാഴ്ച വൈകിട്ടാണ് കുട്ടിക്ക് അധ്യാപകന്‍റെ മർദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരൽ കൊണ്ട് അടിച്ച പാടുകളുണ്ട്. അധ്യാപകനായ മുരളി കുട്ടികളെ അടിക്കുന്നതും മോശമായി സംസാരിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അടി  കിട്ടിയ വിവരം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അവർ ഇക്കാര്യം ചൈൽഡ് ലൈനിനെയോ പൊലീസിനെയോ അറിയിച്ചിരുന്നില്ല.. 

ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ട്യൂഷന്‍ ക്ലാസ് നടത്തിയതിനും മുരളീധരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് കുറ്റവും ചേര്‍ത്ത് ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് ചെങ്ങന്നൂര്‍ സി.ഐ. എം.സുധിലാല്‍ പറഞ്ഞു.   ചൈല്‍ഡ്ലൈനിനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, കുട്ടിയുടെ മാതാപിതാക്കള്‍ രേഖാമൂലം പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. പ്രതികരണത്തിനായി മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നമ്പര്‍ സ്വിച്ച് ഓഫ് ആണ്. 

"

click me!