
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി റോബിനെ (33) യാണ് വിശാഖപട്ടണത്തുനിന്ന് സാഹസികമായി കസ്റ്റഡിയിൽ എടുത്തത്. ഒളിവിലിരുന്ന് അച്ഛനെ ഫോണിൽ വിളിച്ചതാണ് റോബിൻ കുടുങ്ങാൻ കാരണം.
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം അലഞ്ഞ് തിരിഞ്ഞ് നടന്ന തിരുവനന്തപുരം സ്വദേശിയായ ചന്ദ്രനെ കൊന്ന കേസിലാണ് റോബിൻ പിടിയിലായത്. ജൂൺ 25ന് രാത്രി റെയിൽവേ സ്റ്റേഷന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിലായിരുന്നു സംഭവം. മദ്യപിച്ചശേഷമുണ്ടായ തർക്കമായിരുന്നു കാരണം. കുറേ നാളുകളായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് താമസിച്ച് വന്ന റോബിനെ ചന്ദ്രന്‍റെ കൊലപാതകത്തിന് ശേഷം അവിടെ കാണാനില്ലായിരുന്നു. ഇതോടെയാണ് പ്രതി റോബിനെന്ന് ടൗൺ പൊലീസ് ഉറപ്പിക്കുന്നത്.
ആലപ്പുഴ മുഹമ്മയിലെ വീട്ടിലെത്തിയ പൊലീസിന് 33കാരൻ റോബിനെക്കുറിച്ച് സൂചനകളൊന്നും കിട്ടിയില്ല. റോബിന്‍റെ അച്ഛന്‍റെ ഫോൺ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് വിശാഖപട്ടണത്തുനിന്ന് ഒരു ഫോൺ കോൾ അച്ഛന് എത്തുന്നത്. ഈ നമ്പറിന്‍റെ ലൊക്കേഷൻ വിശാഖപട്ടണത്തെ തുറമുഖത്തിന് അടുത്ത് തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലമാണെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് കണ്ണൂർ പൊലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചു.
വിശാഖപട്ടണത്ത് 200ലേറെ തൊഴിലാളികൾ വിവിധ ഷെഡ്ഡുകളിലായി താമസിക്കുന്ന സ്ഥലത്ത് പൊലീസ് എത്തി. വിശാഖപട്ടണം പൊലീസിൻ്റെ സഹായത്തോടെ എല്ലാ ഷെഡ്ഡും കണ്ണൂർ പൊലീസ് പൂട്ടി. പിന്നീട് ഓരോന്നായി തുറന്ന് നോക്കിയാണ് റോബിനെ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam