കള്ളനെ പിടിച്ച് വാതിലും പൂട്ടി പൊലീസ് പോയി, രാവിലെ നോക്കിയപ്പോൾ അതാ വീട് തുറന്നുകിടക്കുന്നു! വമ്പൻ ട്വിസ്റ്റ്

Published : Sep 05, 2024, 04:22 PM IST
കള്ളനെ പിടിച്ച് വാതിലും പൂട്ടി പൊലീസ് പോയി, രാവിലെ നോക്കിയപ്പോൾ അതാ വീട് തുറന്നുകിടക്കുന്നു! വമ്പൻ ട്വിസ്റ്റ്

Synopsis

അച്യുതപുരം രാപ്പാള്‍ മഠത്തില്‍ സുബ്രഹ്‌മണ്യന്‍ അയ്യരുടെ അടച്ചിട്ട വീട്ടിലാണ് മോഷ്ടാക്കള്‍ കയറിയത്. പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് പുലര്‍ച്ചെ ഒരു മണിയോടെ ശബ്ദം കേട്ട അയല്‍വാസി ശ്രദ്ധിച്ചപ്പോൾ വാതില്‍ പൊളിക്കുന്ന ശബ്ദമാണെന്ന് മനസിലായി. 

തൃശൂർ: തൃശൂർ തിരൂരിൽ അടച്ചിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി. മോഷണ സംഘത്തില്‍ ഒന്നിലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണ് സംശയം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരൂര്‍ അച്യുതപുരം ഐജി ലൈനില്‍ രാപ്പാള്‍ മഠത്തില്‍ സുബ്രഹ്‌മണ്യന്‍ അയ്യരുടെ അടച്ചിട്ട വീട്ടിൽ മോഷ്ടാക്കള്‍ കയറിയത്. പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും പുലര്‍ച്ചെ ഒരു മണിയോടെ ശബ്ദം കേട്ട അയല്‍വാസി ശ്രദ്ധിച്ചപ്പോൾ വാതില്‍ പൊളിക്കുന്ന ശബ്ദമാണെന്ന് മനസിലായി. 

ഉടന്‍ അയല്‍വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇക്കാര്യം അറിയിച്ചതോടെ അയല്‍വാസികള്‍ സംഘടിച്ചെത്തി നോക്കിയപ്പോഴാണ് ഒന്നിലധികം മോഷ്ടാക്കളുണ്ടെന്ന് സംശയം തോന്നിയത്. നാട്ടുകാര്‍ ചേര്‍ന്ന് മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മോഷ്ടാക്കള്‍ വാതില്‍ അകത്തു നിന്ന് പൂട്ടി. തുടര്‍ന്ന് വിയ്യൂര്‍ പൊലീസെത്തി വീടിനകത്തു കടന്ന പരിശോധന നടത്തിയെങ്കിലും ആദ്യം ആരെയും കണ്ടെത്താനായില്ല. മുകള്‍ നിലയിലെ വരാന്തയില്‍ കമിഴ്ന്നു കിടക്കുകയായിരുന്ന മോഷ്ടാവിനെ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് കണ്ടെത്തിയത്. 

എന്നാല്‍ ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. ഓടി മാറിയ മോഷടവ് മുകള്‍ നിലയിലെ കൈവരിയില്‍ കയറി കൂടി മുകളിലെത്തി. മോഷടവിനെ താഴെ ഇറക്കാന്‍ വാതിലുകള്‍ തുറക്കാനും രക്ഷ പ്രവര്‍ത്തനത്തിനും വേണ്ടി അഗ്നിരക്ഷസേനയും സഥലത്ത് എത്തി. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. തലേ ദിവസം രാത്രി തന്നെ ഇയാള്‍ വിട്ടുപറമ്പില്‍ എത്തിയതായാണ് സംശയം. അയല്‍വാസികള്‍ ഉറങ്ങുന്നതും കാത്ത് ഇയാള്‍ അടുക്കളയുടെ പുറത്തുള്ള ഔട്ട് ഹൗസിനെ മുന്നില്‍ തുണി വിരിച്ച് കിടന്ന് ഉറങ്ങിയിരുന്നു. 

ഇവിടെ നിന്നും ഹാന്‍സ്, ബീഡി, വസത്രങ്ങള്‍ അടങ്ങിയ ബാഗ്, പൂട്ടുകള്‍ പൊളിക്കാനുള്ള സ്ക്രൂഡ്രൈവര്‍, കത്തി, പ്ലയര്‍, ചെറിയ കട്ടര്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. വസത്രങ്ങള്‍ ഊരി ബാഗില്‍ സൂക്ഷിച്ച ഇയാൾ അണ്ടര്‍വേയര്‍ മാത്രം ധരിച്ചിരുന്നത്. വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. അടുക്കളയുടെ വാതില്‍ തുറക്കാന്‍ വേണ്ടി വടിയില്‍ കൂടി ഇലകട്രിക്കല്‍ വയര്‍ വാതിലിന്റെ താഴത്തുള്ള കുറ്റിയില്‍ കുടക്കിട്ട് മുകളിലേക്ക് വലിച്ച് കുറ്റി മാറ്റിയ നിലയിലായിരുന്നു.

പ്രൊഫഷണല്‍ മോഷടക്കള്‍ ആണ് ഇവരെന്നാണ് വിവരം. മോഷ്ടിച്ച ചെമ്പു പാത്രങ്ങള്‍, ഓട്ടു വിളക്കുകള്‍, ഓട്ടു പ്രതിമകള്‍, വെള്ളി പാത്രങ്ങള്‍ എന്നിവ മൂന്നു ചാക്കുകളില്‍ നിറച്ച് കൊണ്ടുപോകാന്‍ വെച്ചിരുന്നു. ഒന്നിലേറെ മോഷ്ടാക്കള്‍ വീടിനകത്തുണ്ടെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും കൂടുതല്‍ പരിശോധന നടത്താന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് വാതിലുകള്‍ കൂടുതല്‍ പൂട്ടുകള്‍ കൊണ്ടുവന്ന് പൂട്ടി പിടിയിലായ പ്രതിയേയും കൊണ്ട് പോലീസ് മടങ്ങി. പുലര്‍ച്ചെ ഒരു മണിയോടെ തുടങ്ങിയ മോഷ്ടാവിനെ പിടികൂടൽ മൂന്നുവരെ നീണ്ടു. ഒരു മാസം മുന്‍പാണ് സുബ്രഹ്‌മണ്യ അയ്യര്‍ മുംബൈയില്‍ നിന്ന് നാട്ടില്‍ വന്നു മടങ്ങിയത്. വീയ്യൂര്‍ പൊലീസ് പിടികൂടിയ മോഷടവിന്റെ അറസ്റ്റ് ഇന്ന രേഖപ്പെടുത്തും. കൂടുതല്‍ പ്രതികളെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ അന്യ സംസഥാനക്കാരനായ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ട്വിസ്റ്റ്

പൊലീസ് പൂട്ടിപ്പോയ വീട് ഇന്ന് രാവിലെ നോക്കിയപ്പോള്‍ തുറന്നു  കിടക്കുന്നതാണ് നാട്ടുകാര്‍ കാണുന്നത്. അകത്ത് ഒളിച്ചിരുന്ന കൂട്ടുപ്രതി നാട്ടുകാരും പൊലീസുകാരും പുലര്‍ച്ചെ മൂന്നോടെ സ്ഥലത്തു നിന്ന് പോയപ്പോള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്