
കണ്ണൂര്‍: കണ്ണൂരില്‍ അനാവശ്യമായി പുറത്തിറങ്ങിയ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പലയിടത്തും വിലക്ക് ലംഘിച്ച് നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്പ്പിച്ചു. കാരണമില്ലാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമനടപടി നേരിടേണ്ടി വരുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു.
യതീഷ് ചന്ദ്ര നേരിട്ടെത്തിയാണ് പരിശോധനകള്‍ക്ക് നേതൃത്വം കൊടുത്തത്. വാഹനം നിര്‍ത്തിച്ച് എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങിയതെന്ന് ചോദിച്ച് ആവശ്യമെങ്കില്‍ മാത്രമാണ് യാത്ര തുടരാന്‍ അനുവദിച്ചത്. അനാവശ്യമായി പുറത്തിറങ്ങിയരോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയും നിലപാട് കടുപ്പിക്കേണ്ടടിടത്ത് അങ്ങനെ ചെയ്തുമായിരുന്നു പരിശോധന.
"
ഒരുപാട് പേര്‍ വെറുതെ പുറത്ത് ഇറങ്ങുന്നുണ്ടെന്നും ഇറങ്ങുന്നവരില്‍ 85 ശതമാനവും അനാവശ്യ കാരണങ്ങളാണ് പറയുന്നതെന്നും യതീഷ് ചന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അരി വാങ്ങിക്കാന്‍ 20 കിലോമീറ്റര്‍ വന്നവരുടെയും വെറുതെ ഇറങ്ങിയതാണെന്ന് സമ്മതിച്ചവരുടെയും ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ കൊവിഡ് 19 കൂടുതല്‍ പിടിമുറുക്കിയ കാസര്‍കോടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ കര്‍ശന നിരീക്ഷണമാണ് കണ്ണൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശത്ത് നിന്ന് എത്തിയവരാണ്. ഇന്ന് നിര്‍ണായകമായ 11 പേരുടെ ഫലം വരാനുണ്ട്.