സിന്ധുകുമാരിക്കെതിരെ 21 പരാതികൾ, വെങ്ങാനൂരിൽ മാത്രം നാല് ലക്ഷത്തോളം രൂപയുടെ സ്വർണപ്പണയം; പ്രതിയുമായി തെളിവെടുപ്പ്

Published : Jul 16, 2026, 07:39 AM IST
Vizhinjam Gold Fraud Case

Synopsis

തിരുവനന്തപുരത്ത് സ്വർണം നഷ്ടപ്പെട്ടതിന് പിന്നാലെ യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതിയായ സിന്ധുകുമാരിയെ വിവിധ സ്ഥാപനങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്‍റെ മനോവിഷമത്തിൽ യുവതികൾ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ സിന്ധുകുമാരിയെ വിവിധ സ്ഥാപനങ്ങളിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി. ഇവർക്ക് അക്കൗണ്ടുള്ള പൂങ്കുളത്തെ ബാങ്ക് ശാഖ, കെഎസ്എഫ്ഇയുടെ തമ്പാനൂർ ശാഖ, കോവളത്തെയും വെങ്ങാനൂരിലെയും സ്വകാര്യ ധനകാര്യ സ്ഥാപനം എന്നിവിടങ്ങളിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു.

വെങ്ങാനൂരിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതി നാല് ലക്ഷത്തോളം രൂപയുടെ സ്വർണം പണയം വെച്ചിട്ടുള്ളതായി ജീവനക്കാരി പറഞ്ഞു. ഇവർക്ക് അക്കൗണ്ടുള്ള പൂങ്കുളത്തെ ബാങ്കിൽ അഞ്ച് വർഷത്തിനിടെ ഏഴ് കോടിയുടെ ഇടപാടുകൾ നടന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 1.25 കോടിയുടെ ഇടപാടാണ് നടന്നത്. ഈ കാലയളവിലാണ് ആത്മഹത്യ ചെയ്ത പെൺകുട്ടികളിൽനിന്നു സ്വർണാഭരണങ്ങൾ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് കേസ് ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയാകും അന്വേഷിക്കുക. ഇവരെ വീണ്ടും ഡിസിആർബി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഇവർ സഹകരിക്കുന്നില്ലെന്നും ഇവരുടെ അക്കൗണ്ട് വഴി വന്ന കോടികളുടെ തുക എങ്ങോട്ട് പോയി എന്നതടക്കം തെളിവുകൾ ലഭിക്കാനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയ്ക്കെതിരെ ചൊവ്വാഴ്ച ലഭിച്ച ഒരു പരാതി ഉൾപ്പെടെ 21 പരാതികൾ വിഴിഞ്ഞം സ്‌റ്റേഷനിൽ ലഭിച്ചു. പൂജപ്പുര സ്റ്റേഷനിൽ ലഭിച്ച സാമ്പത്തിക തട്ടിപ്പ് കേസും ഡിസിആർബിയ്ക്ക് കൈമാറിയിട്ടുണ്ട്.

സ്വർണത്തട്ടിപ്പ് സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു (28), വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32) എന്നിവരാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്. ഇതോടെയാണ് സിന്ധുവിന്‍റെ തട്ടിപ്പ് പുറത്തറിഞ്ഞത്. കോടികളുടെ തട്ടിപ്പിന് മറ്റൊരു യുവാവിന്‍റെ സഹായം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് സംശയിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിരോധ പെൻഷൻ പരാതി പരിഹാരത്തിനായി കൊച്ചിയിൽ അദാലത്ത്; രക്ഷാ പെൻഷൻ സമാധാൻ ആയോജൻ ജൂലൈ 17ന്
വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം