കൊച്ചി കായലിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയാൻ കയാക്കുമായിറങ്ങി പൊലീസ് കമ്മീഷണർ

By Web TeamFirst Published Sep 9, 2021, 3:14 PM IST
Highlights

കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കയാലിലേക്കിടുന്നവര്‍ ഇനി ശ്രദ്ധിച്ചില്ലെങ്കില്‍ കേസുവരും.  മാലിന്യങ്ങളിടുന്നവരെ പിടികൂടാന്‍ ഇടക്കിടക്ക് കയാക്കീംഗ് നടത്താനാണ് കമ്മീഷർ സി എച്ച് നാഗരാജു ആലോചിക്കുന്നത്.

കൊച്ചി: കൊച്ചി കായലില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളിടുന്നത് തടയാന്‍ കയാക്കിംഗ് നടത്തി നാട്ടുകാരെ ഉപദേശിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. ചേട്ടാ എന്നുവിളിച്ച് നാട്ടുകാര്‍ക്ക് മുന്നിലെത്തുന്ന നാഗരാജുവിന്‍റെ ശ്രമം പലയിടത്തും ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. നിരവധി തവണ ആവശ്യപ്പെടുന്നതോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കായലിലുപേക്ഷിക്കുന്ന രീതി കൊച്ചിക്കാര്‍ ഉപേക്ഷിക്കുമെന്നാണ് ഇദ്ദേഹത്തിന്‍റെ പ്രതീക്ഷ.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജുവിന് കയാക്കിംഗ് ഇഷ്ട വിനോദമാണ്. ഇങ്ങനെ കൊച്ചി കായലിലൂടെ വരാപ്പുഴക്ക് കയാക്കിംഗ് നടത്തുമ്പോള്‍ പിഴലയില്‍ വെച്ചാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കായലിലേക്കിടുന്ന യുവാവിനെ ശ്രദ്ധിക്കുന്നത്. കമ്മീഷണര്‍ സാധാരണ ഡ്രസിലായതിനാല്‍ യുവാവിന് മനസിലായില്ല.  മനോഹരമായ കായല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളിട്ട് നശിപ്പിക്കരുതെന്നും തിരികെയെടുത്ത് തന്നാല്‍ കൊണ്ടുപോയ്ക്കോള്ളാമെന്നുമായി കമ്മീഷണര്‍.

ഒരെതിര്‍പ്പും രേഖപ്പെടുത്താതെ ഉപേക്ഷിച്ച മാലിന്യങ്ങളെല്ലാം തിരികെയെടുത്ത് ചാക്കിലാക്കി കോണ്ടുപോയതിനാല്‍ യുവാവിനെതിരെ കേസെടുത്തില്ല. ഒപ്പമുണ്ടായിരുന്ന കൊച്ചി പാഡിംഗ് ക്ലബ് അംഗങ്ങള്‍ പറഞ്ഞപ്പോഴാണ് ആവശ്യപ്പെട്ടത് സിറ്റി പൊലീസ് കമ്മീഷണറാണെന്ന് യുവാവറിയുന്നത്. കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കയാലിലേക്കിടുന്നവര്‍ ഇനി ശ്രദ്ധിച്ചില്ലെങ്കില്‍ കേസുവരും.  മാലിന്യങ്ങളിടുന്നവരെ പിടികൂടാന്‍ ഇടക്കിടക്ക് കയാക്കീംഗ് നടത്താനാണ് കമ്മീഷർ സി എച്ച് നാഗരാജു ആലോചിക്കുന്നത്.

click me!