
മാവേലിക്കര: ട്രെയിനിൽ പാഴ്സൽ അയച്ച തൊണ്ടിമുതലിൽ പുലിവാലു പിടിച്ചു പൊലീസ്. തൊണ്ടിമുതലായ സ്കൂട്ടർ കായംകുളം റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ കേന്ദ്രത്തിൽ അനാഥമായി കിടക്കുന്നു. കുറത്തികാട് പൊലീസ് സ്റ്റേഷനിലെ കേസുമായി (ക്രൈം നമ്പർ 281/ 2022) ബന്ധപ്പെട്ട തൊണ്ടിമുതലായ സ്കൂട്ടർ (കെഎൽ 29-എൽ-2521) ആണ് കായംകുളം റെയിൽവേ സ്റ്റേഷനിൽ ഒരു മാസമായി ഇരിക്കുന്നത്.
ഷൊർണൂരിൽ നിന്ന് ട്രെയിൻ മാർഗം കഴിഞ്ഞ ജൂൺ 30ന് ആണ് കായംകുളം റെയിൽവേ സ്റ്റേഷനിലേക്ക് കുറത്തികാട് പൊലീസ് സ്കൂട്ടർ അയച്ചത്. അടുത്ത ദിവസം തന്നെ സ്കൂട്ടർ കായംകുളം പാഴ്സൽ ഓഫിസിലെത്തി. പാഴ്സൽ കൈപ്പറ്റാൻ യഥാസമയം ആരുമെത്തിയില്ല. പാഴ്സലിനു മുകളിൽ ബന്ധപ്പെടാൻ ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നില്ലെന്നു റെയിൽവേ അധികൃതർ പറയുന്നു. 6 ദിവസം കഴിഞ്ഞു റെയിൽവേ അധികൃതർ കുറത്തികാട് പൊലീസിന്റെ ഫോൺനമ്പർ കണ്ടെത്തി വിവരം അറിയിച്ചു. ഇരുചക്രവാഹനങ്ങൾക്ക് 6 മണിക്കൂർ വരെ പാഴ്സലുകൾക്കു വാർഫേജ് (കയറ്റിറക്കുമതി) നിരക്ക് റെയിൽവേ ഈടാക്കാറില്ല. 6 മണിക്കൂറിനു ശേഷം ഓരോ മണിക്കൂറിനും 10 രൂപയും ജിഎസ്ടിയും അടയ്ക്കണമെന്നാണു നിയമം. കുറത്തികാട് പൊലീസ് ജൂലൈ ഏഴിനാണു തൊണ്ടിമുതൽ എടുക്കാനെത്തിയത്. 1502 രൂപ അടയ്ക്കാൻ റെയിൽവേ ആവശ്യപ്പെട്ടു. അടയ്ക്കാനാകില്ലെന്നു പൊലീസ് മറുപടിയും നൽകി.
ടെറസിലെ കൃഷിയിൽ നാട്ടുകാരന് സംശയം, പൊലീസ് പരിശോധനയിൽ ഉറപ്പിച്ചു, കൃഷി കഞ്ചാവ് തന്നെ; 'നല്ലവനായ ഉണ്ണി' ജയിലിൽ
റെയിൽവേ പാഴ്സൽ വിട്ടു നൽകാൻ തയാറാകാതിരുന്നതോടെ പൊലീസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയതിനെത്തുടർന്ന് കോടതി റെയിൽവേക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. പിഴ അടയ്ക്കണമെന്നും ഇളവുകൾ നൽകാൻ റെയിൽവേ നിയമ പ്രകാരം സാധിക്കില്ലെന്നും റെയിൽവേ ബോധിപ്പിച്ചതോടെ ഹർജി കോടതി തള്ളി. വിധിക്കെതിതിരെ പുനഃപരിശോധന ഹർജി നൽകാൻ ഒരുങ്ങുകയാണ് പൊലീസ്. ആദ്യം 1502 രൂപയാണ് അടയ്ക്കേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ അത് 7500 രൂപയായി ഉയർന്നു. പാഴ്സൽ വന്നതു കൃത്യമായി വിളിച്ചറിയിക്കുന്നതിൽ റെയിൽവേ വീഴ്ചവരുത്തിയെന്നാണു പൊലീസ് പറയുന്നത്. കുറത്തികാട്ടെ വീടിന്റെ കതക് തകർത്തു മോഷണം നടത്തിയ കേസിലെ ഒരു പ്രതി ഉപയോഗിച്ച സ്കൂട്ടർ പാലക്കാട് ലക്കിടിയിൽ ഒരു വാടക വീട്ടിൽ നിന്നു ജൂൺ 30ന് ആണു പൊലീസ് കണ്ടെത്തിയത്.റെയിൽവേക്കു വേണ്ടി അഭിഭാഷകൻ അനിൽ വിളയിൽ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam