
പെരിന്തൽമണ്ണ: ഏലംകുളം കൂഴന്തറയിലെ ദൃശ്യയുടെ കൊലപാതകക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 518 പേജുകളിലായുള്ള കുറ്റപത്രം വ്യാഴാഴ്ചയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ സമർപ്പിച്ചത്. ദൃശ്യയുടെ സഹപാഠിയായിരുന്ന മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷ് (21) ആണ് പ്രതി. മൂന്നു സാക്ഷികളുടെ രഹസ്യമൊഴിയുൾപ്പെടെ 81 പേരുടെ മൊഴി രേഖപ്പെടുത്തി. രേഖകളുൾപ്പെടെ 80 തൊണ്ടിമുതലുകളും സമർപ്പിച്ചു. കൃത്യം നടന്ന് 57-ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്.
അന്വേഷ ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കലാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം വരെയാകാമെങ്കിലും പ്രതി അന്നുതന്നെ പിടിയിലായതും മറ്റുമാണ് നേരത്തെയാകാൻ കാരണം. ജില്ലാ പോലീസ് മേധാവിയുടെയും പെരിന്തൽമണ്ണ ഡിവൈ.എസ്.പി.യുടെയും മേൽനോട്ടത്തിൽ എ.എസ്.ഐ.മാരായ സുകുമാരൻ, ബൈജു, സീനിയർ സി.പി.ഒ.മാരായ ഫൈസൽ കപ്പൂർ, ശിഹാബുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ജൂൺ 17-നാണ് കുഴന്തറയിലെ ചെമ്മാട്ടു വീട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യ കിടപ്പുമുറിയിൽ കുത്തേറ്റു മരിച്ചത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദൃശ്യയുടെ സഹോദരിക്കും പരിക്കേറ്റു. സംഭവത്തിന്റെ തലേന്നു രാത്രി ദൃശ്യയുടെ പിതാവിന്റെ പെരിന്തൽമണ്ണ നഗരത്തിലെ വ്യാപാരസ്ഥാപനം തീയിട്ടു നശിപ്പിച്ചശേഷമാണ് പ്രതി വീട്ടിലെത്തി കൃത്യം നടത്തിയത്.
സംഭവശേഷം വീട്ടിൽ നിന്നു ഓടി ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിലൂടെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. പിന്നീട് മഞ്ചേരി ജയിലിൽക്കഴിയവേ കൊതുകുതിരി കഴിച്ച് ആത്മഹത്യക്കും വിനീഷ് ശ്രമിച്ചു. പ്ലസ്ടുവിന് പഠിക്കുമ്പോൾ മുതൽ ഇവർ തമ്മിൽ പരിചയമുണ്ടായിരുന്നു. വിനീഷ് ഇപ്പോൾ റിമാൻഡിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam