
കാസർഗോഡ്: 6 മാസം പ്രായമായ കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ സംഭവത്തിൽ കുഞ്ഞിനെ കണ്ടെത്തി പൊലീസ്. കുട്ടിയെ നിലവിൽ ശിശുക്ഷേമ സമിതിക്കാണ് കൈമാറിയിരിക്കുന്നത്. കുമ്പളയിലാണ് സംഭവം. ആരോഗ്യ പ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയിരുന്നത്. മംഗളൂരുവിലെ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ തേടി യുവതിയുടെ വീട്ടിൽ ആരോഗ്യ പ്രവർത്തകയെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം പുറം ലോകം അറിയുന്നത്. ജോലിയുടെ ഭാഗമായാണ് ആരോഗ്യ പ്രവർത്തക കുഞ്ഞിനെ തേടി എത്തിയത്. പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ നീർച്ചാലിലെ മറ്റൊരു സ്ത്രീയുടെ വീട്ടിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്.
വീട്ടിലെത്തി കുഞ്ഞിനെ അന്വേഷിച്ചപ്പോൾ കുഞ്ഞ് മരിച്ചെന്നായിരുന്നു ആദ്യം യുവതി പറഞ്ഞത്. എന്നാൽ മറുപടിയിൽ സംശയം തോന്നിയ ആരോഗ്യ പ്രവർത്തക ദിവസങ്ങൾക്ക് ശേഷം വീണ്ടും അന്വേഷിച്ചപ്പോഴേക്കും ഇവർ സ്ഥലത്ത് നിന്നും താമസം മാറിയതായി അറിഞ്ഞു. പിന്നെയും കണ്ടപ്പോൾ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആരോഗ്യ പ്രവർത്തക വീണ്ടും ചോദിച്ചപ്പോൾ ഒരാളിൽ നിന്നും പണം പലിശക്ക് വാങ്ങിയിരുന്നുവെന്നും അവർക്ക് കുഞ്ഞിനെ നൽകിയെന്നും വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് അതും മാറ്റി പറഞ്ഞു. ഇതിന് പിന്നാലെ ആരോഗ്യ പ്രവർത്തക അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
കുമ്പള പഞ്ചായത്തധികൃതരും, സാമൂഹികാരോഗ്യകേന്ദ്രം അധികൃതരും ചേർന്നാണ് പൊലീസിലും ശിശുക്ഷേമ സമിതിയിലും വിവരമറിയിച്ചത്. ശേഷം നടന്ന അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചതിന് ശേഷം യുവതി ഭാര്യയും മക്കളുമുള്ള മറ്റൊരാളെ വിവാഹം കഴിച്ചതായും പറയുന്നു. ഈ ബന്ധത്തിലാണ് കുഞ്ഞുണ്ടായത്. എന്നാൽ, കുഞ്ഞിനെ പോറ്റാനായി തന്നെ ഏൽപിച്ചതാണെന്നാണ് നീർച്ചാലിലെ സ്ത്രീയുടെ മൊഴി. ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞ് പൂർണ ആരോഗ്യവാനായി കഴിയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam