ഡ്രോണ്‍ പരിശോധനക്കിടെ സ്ക്രീനില്‍ 'ആള്‍ക്കൂട്ടം'; ഓടിയെത്തിയ പൊലീസ് കണ്ടത് പെണ്ണുകാണല്‍ ചടങ്ങ്

By Web TeamFirst Published Apr 3, 2020, 8:20 PM IST
Highlights

അമ്പലപ്പുഴില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നതിനിടെ കണ്ട ആള്‍കൂട്ടത്തിനടുത്തേക്ക് ഓടിയെത്തിയ പൊലീസ് കണ്ടത് ഒരു പെണ്ണുകാണല്‍ ചടങ്ങാണ്.
 

അമ്പലപ്പുഴ: കൊവിഡ് രോഗവ്യാപനത്തെ ചെറുക്കാന്‍ രാജ്യത്ത് 21 ദിവസം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആള്‍കൂട്ടങ്ങളില്ലാതെ നോക്കാന്‍ പൊലീസ് പെടാപ്പാട് പെടുകയാണ്. വീടിന് പുറത്തിറങ്ങി കൂട്ടം കൂടുന്ന ആളുകളെ നിരീക്ഷിക്കാനായി പൊലീസ് സംസ്ഥാനത്താകെ ഡ്രോണ്‍ നിരീക്ഷണം നടത്തി വരുകയാണ്. അമ്പലപ്പുഴില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നതിനിടെ കണ്ട ആള്‍കൂട്ടത്തിനടുത്തേക്ക് ഓടിയെത്തിയ പൊലീസ് കണ്ടത് ഒരു പെണ്ണുകാണല്‍ ചടങ്ങാണ്.

അമ്പലപ്പുഴയിലെ തീരദേശമേഖലയിലായിരുന്നു സംഭവം. ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെ സ്ക്രീനില്‍ ആള്‍‌ക്കൂട്ടം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.  വീട്ടുമുറ്റത്തെ പതിവില്ലാത്ത ആള്‍ക്കൂട്ടം കണ്ണില്‍പ്പെട്ട ഉടന്‍ തന്നെ ദൃശ്യത്തില്‍ കണ്ട സ്ഥലത്തേക്ക്‌ പൊലീസ് തിരിച്ചു. സ്ഥലത്തെത്തിയ പൊലീസ് കണ്ടത് വീട്ടില്‍ നടക്കുന്ന പെണ്ണുകാണല്‍ ചടങ്ങാണ്. അടുത്തബന്ധുക്കളും അയല്‍ക്കാരുമായി വളരെക്കുറച്ചുപേര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

കൊകോവിഡ് പടരുന്ന സമയമായതിനാല്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കി പൊലീസ് വീട്ടില്‍ നിന്നും മടങ്ങി. കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി തീരദേശമേഖലയില്‍ നിരീക്ഷണത്തിനായാണ് പൊലീസ് ഡ്രോണിന്റെ സേവനം ഉപയോ​ഗിച്ചത്.  ഡ്രോണ്‍ പറന്നപ്പോള്‍ തീരമേഖലയിലെ ആളുകള്‍ക്കത് കൗതുകക്കാഴ്ചയായി. ഓടിക്കൂടിയ ചെറുപ്പക്കാര്‍ പിന്നാലെ പൊലീസ് ജീപ്പ് വരുന്നതുകണ്ട് ഓടി രക്ഷപ്പെട്ടു.

click me!