
മലപ്പുറം: അബുദാബിയില്‍ 2 വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളായ ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസിന് ഉത്തരവ്. ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കിയത്. ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളിയില്‍ സംസ്‌കരിച്ച മൃതദേഹം 25ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.
കേസ് അന്വേഷിക്കുന്ന മലപ്പുറം നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. ഏബ്രഹാം നല്‍കിയ അപേക്ഷയിലാണു നടപടി. പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബാ ഷരിഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫാണ് ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്ന് കൂട്ടുപ്രതികള്‍ മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഷരീഫ് വധത്തില്‍ പിടിയിലായ റിട്ട. എസ്‌ഐ സുന്ദരന്‍ സുകുമാരനും ഇരട്ടകൊലപാതകം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്ന് പൊലീസിനു സംശയമുണ്ടെങ്കിലും അയാള്‍ നിഷേധിച്ചിരുന്നു. ഷൈബിന് ഉപദേശം നല്‍കിയതല്ലാതെ കൊലപാതകത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സുന്ദരന്റെ മൊഴി. ഒരാഴ്ച മുന്‍പ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഇതിന്റെ രാസപരിശോധനാ ഫലം ലഭിച്ചിട്ടില്ല.
ഷൈബിന്‍റെ ബിസിനസ് പങ്കാളി കോഴിക്കോട് സ്വദേശി ഹാരിസ്, ജീവനക്കാരിയായ യുവതി എന്നിവരെ 2020 മാര്‍ച്ച് 5ന് ആണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസിന്‍റെ ഫ്‌ലാറ്റിലാണ് സംഭവം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. കൈ ഞരമ്പു മുറിച്ച് ചോര വാര്‍ന്ന് ഹാരിസ് ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുകയായിരുന്നു.
മദ്യലഹരിയില്‍ യുവതിയെ കൊലപ്പെടുത്തിയ ഹാരിസ് ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തില്‍ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. മൃതദേഹങ്ങള്‍ പിന്നീട് നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. പിന്നീട് ഷൈബിനെ വീടുകയറി ആക്രമിച്ച് കവര്‍ച്ച നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഷാബാ ഷരീഫ്, യുവതി, ഹാരിസ് എന്നിവരുടെ കൊലപാതകളെക്കുറിച്ച് സൂചന പുറത്തായി.
ഷരീഫ് വധക്കേസില്‍ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍, കൂത്രാടന്‍ അജ്മല്‍, പൊരി ഷമീം എന്നിവര്‍ ഇരട്ടക്കൊലക്കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചു. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും മൊഴി നല്‍കി. യുവതിയെയാണ് ആദ്യം കൊലപ്പെടുത്തിയത്.
പിന്നെ കൈ ഞരമ്പ് മുറിച്ച് ഹാരിസിനെ ബാത്ത് ടബ്ബിലിട്ടു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കൃത്രിമ തെളിവുകളും സൃഷ്ടിച്ചാണ് പ്രതികള്‍ ഫ്‌ലാറ്റ് വിട്ടത്. കൊലപാതകങ്ങളില്‍ പങ്കെടുത്തവര്‍ പിന്നീട് പല ഘട്ടങ്ങളായി നാട്ടിലേക്കു മടങ്ങി. വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഹാരിസിന്റെ മാതാവ്, സഹോദരി എന്നിവരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
തോക്കുമായി തലസ്ഥാനത്തെ ഭീതിയിലാക്കിയത് സംഘത്തക്കുറിച്ച് സൂചന, സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam