യുവാവിനെ തടങ്കലിൽവച്ച് ആക്രമിച്ച കേസിൽ ആറ് പ്രതികളെക്കൂടി പിടികൂടി പൊലീസ്

By Web TeamFirst Published Jul 21, 2021, 8:46 PM IST
Highlights

മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി മധു ഉൾപ്പെടെ രണ്ട് പ്രതികൾകൂടി പിടിയിലാകാനുണ്ട്. ജൂൺ 24ന് രാത്രിയിലായിരുന്നു കേസിനാസ്പദ സംഭവം. 

ആലപ്പുഴ: എറണാകുളത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുവന്ന് തടങ്കലിൽവച്ച് ഭീകരമായി ആക്രമിക്കുകയും മൊബൈൽഫോൺ, പണം എന്നിവ കവരുകയും ചെയ്ത കേസിൽ ആറ് പ്രതികളെക്കൂടി അർത്തുങ്കൽ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി അരുൺ കോശിയെ എറണാകുളത്തുനിന്ന് ചേർത്തല അരീപ്പറമ്പ് ചക്കനാട് ഭാഗത്ത് എത്തിച്ച് മർദിച്ച വാരിയെല്ലിനും മറ്റും പരിക്കേൽപ്പിച്ചതാണ് കേസ്. 

ചേർത്തല തെക്ക് പഞ്ചായത്ത് 15–-ാം വാർഡിൽ പുതിയാട്ടുചിറ അയ്യപ്പൻ എന്നറിയപ്പെടുന്ന വിഷ്ണു പ്രദീപ്(24), കൊല്ലമ്മാപറമ്പ് വീട്ടിൽ ടിപ്പർ സുനി എന്നറിയപ്പെടുന്ന സുനിൽ(36), കണ്ണമ്പള്ളിച്ചിറ ലൂയിസ്(32), മങ്ങാട്ട് ആരോമൽ(20), മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ നടുവിലേപ്പുരയ്ക്കൽ സിദ്ധൻ എന്നറിയപ്പെടുന്ന അതുൽ(22), ചേർത്തല തെക്ക് പഞ്ചായത്ത് 15–-ാം വാർഡിൽ തയ്യിൽ ചുക്കപ്പൻ എന്നറിയപ്പെടുന്ന സുമേഷ്(30) എന്നിവരാണ് പിടിയിലായത്. 

ഇവർ അർത്തുങ്കൽ, മാരാരിക്കുളം സ്റ്റേഷനുകളിലെ വിവിധ കേസുകളിൽ പ്രതികളാണെന്നും റൗഡി ലിസ്റ്റിൽപ്പെട്ടവരുമാണെന്ന് പൊലീസ് പറഞ്ഞു. ആരോമൽ, സുമേഷ്, ലൂയിസ്, വിഷ്ണു എന്നിവർ അർത്തുങ്കൽ സ്റ്റേഷൻ പരിധിയിൽ ചാരായംവാറ്റി വിൽപ്പന നടത്തിയ കേസിൽ പ്രതികളാണ്. രണ്ട് കേസുകളിലുമായാണ് അറസ്റ്റ്. പ്രതികളെ കോടതി റിമാൻഡുചെയ്തു. ഇതോടെ കേസിൽ 11 പ്രതികൾ പിടിയിലായി. 

മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി മധു ഉൾപ്പെടെ രണ്ട് പ്രതികൾകൂടി പിടിയിലാകാനുണ്ട്. ജൂൺ 24ന് രാത്രിയിലായിരുന്നു കേസിനാസ്പദ സംഭവം. എറണാകുളത്ത് സ്വകാര്യ ഹോസ്റ്റൽ നടത്തിപ്പിലെ തർക്കമാണ് ക്വട്ടേഷൻ ആക്രമണത്തിൽ കലാശിച്ചത്. മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി മധുവാണ് അക്രമികൾക്ക് ക്വട്ടേഷൻ നൽകിയത്. ഇയാൾ അരുൺ കോശിയെ തന്ത്രപൂർവം കാറിൽ കയറ്റി ചേർത്തലയിൽ എത്തിച്ച് അക്രമികൾക്ക് കൈമാറുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ നിർദേശപ്രകാരം ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ളയുടെ മേൽനോട്ടത്തിലെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 

click me!