
മലപ്പുറം: ചാലിയാറില്‍ മധ്യവയസ്‌കന്‍റെ മൃതദ്ദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. മധ്യവയസ്‌കനെ കൊലപ്പെടുത്തി ചാലിയാറില്‍ തള്ളിയ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ പിടികൂടിയെന്നും നിലമ്പൂര്‍ പൊലീസ് അറിയിച്ചു. വടപുറത്ത് താമസിക്കുന്ന മുബാറക് എന്ന ബാബു (50) വിന്‍റെ മൃതദേഹമാണ് ഈ മാസം 11ന് രാവിലെ ചാലിയാറിലെ കൂളിക്കടവില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. പ്രതി നിലമ്പൂരില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം വെങ്ങാനൂര്‍ താഴെ വിളക്കേത്ത് മജീഷ് എന്ന ഷിജുവിനെ(36)യാണ് നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ കേസുകളുള്ള പ്രതി നിലമ്പൂരില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
മുബാറകിന്‍റെ സുഹൃത്താണ് പൊലീസ് അറസ്റ്റ് ചെയ്ത മജീഷ്. നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നയാളാണ് കൊല്ലപ്പെട്ട മുബാറക്. പത്ത് വര്‍ഷമായി നിലമ്പൂരിലെ തെരുവുകളിലാണ് ഇയാളുടെ അന്തിയുറക്കം. മരിക്കുന്നതിന് രണ്ട് ദിവസം വരെ ഇയാള്‍ നിലമ്പൂരിലെ അക്രിക്കടയില്‍ പഴയ സാധനങ്ങള്‍ വില്‍പ്പനക്ക് എത്തിച്ചിരുന്നു.
ഈ മാസം 10ന് രാവിലെ ബീവറേജില്‍ നിന്ന് മദ്യം വാങ്ങി ബാബുവും മജീഷും ഒരു സ്ത്രീയും ഓട്ടോയില്‍ പുഴക്കരയിലെത്തി. മൂവരും പുഴക്കരയില്‍ ഇരുന്ന് മദ്യപിച്ചു. ഇതിന് ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീയെ ചൊല്ലി ഇരുവരും തമ്മില്‍ അടിപിടിയുണ്ടായി. ഇതിനിടെ മജീഷ് വടിയെടുത്ത് മുബാറകിനെ തലക്കടിക്കുകയായിരുന്നു. മജീഷ് കൊല്ലപ്പെട്ട് ഭയന്ന മജീഷ് മൃതദേഹം പുഴയില്‍ തള്ളി മരണം ഉറപ്പാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷം ഇയാള്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറയുന്നു.
പൂന്താനം ചക്കുഴിയില്‍ പരുന്തിന്‍റെ അക്രമണം മൂലം പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്ന് നാട്ടുകാരുടെ പരാതി
മലപ്പുറം: നാട്ടുകാരെ ഭീതിയിലാഴ്ത്തി പരുന്തിന്‍റെ ആക്രമണം. കീഴാറ്റൂര്‍ പഞ്ചായത്തിലെ പൂന്താനം ചക്കുഴിയില്‍ പ്രദേശത്താണ് കുട്ടികളെയും മതിര്‍ന്നവരെയും ഒരുപോലെ ആക്രമിച്ച് പരുന്തിന്‍റെ വിളയാട്ടം. പകല്‍ സമയങ്ങളില്‍ പ്രദേശത്തെത്തുന്ന പരുന്ത് വീടിന് പുറത്തും റോഡിലും കാണുന്നവരുടെ ശരീരത്തില്‍ കൊത്തി മുറിവേല്‍പ്പിക്കുന്നത് പതിവാണ്. പലരുടെയും ചുമലില്‍ പറന്നിരുന്ന് മുഖത്തും തലയിലും കൊത്തുകയാണ് പതിവ്. രണ്ട് മാസത്തോളമായി പരുന്തിന്‍റെ ഈ ആക്രമണം പ്രദേശത്ത് തുടങ്ങിയിട്ട്.
കഴിഞ്ഞ ദിവസം പാറമ്മല്‍ ഉസ്മാന്‍റെ പത്ത് വയസ്സുകാരിയായ ഫാത്തിമ റിഷയുടെ മുഖത്ത് പരുന്ത് കൊത്തി പരുക്കേല്‍പ്പിച്ചിരുന്നു. ഒറക്കോട്ടില്‍ റഊഫ്, പിലാക്കല്‍ അയ്യൂബ്, പുഴക്കല്‍ റിയാസ് എന്നിവരുടെ വീട്ടുകാരും പരുന്തിന്‍റെ ഉപദ്രവത്തിന് ഇരയായവരാണ്. ശരീരത്തില്‍ വന്നിരിക്കുമ്പോള്‍ കാലിലെ കൂര്‍ത്ത നഖം കൊണ്ട് മുറിവേല്‍ക്കുന്നതും പതിവാണ്. പരുന്തുന്‍റെ അക്രമണം ഭയന്ന് ഹെല്‍മറ്റ് തലയില്‍ വച്ചാണ് ഇവിടെ പലരും പുറത്തിറങ്ങുന്നത്.
കുട്ടികളെ സ്‌ക്കുളിലേക്ക് വിടുന്നത് വാഹനങ്ങളിലാണ്. മാത്രമല്ല പരുന്തിന്‍റെ ഉപദ്രവം കാരണം ചെറിയ കുട്ടികളെ വീടിന് പുറത്തേക്ക് വിടാന്‍ രക്ഷിതാക്കള്‍ക്കും ഭയമാണ്. വീടിന്‍റെ പുറത്തുവെച്ച് മത്സ്യമോ മറ്റോ വൃത്തിയാക്കാനും പരുന്ത് കാരണം കഴിയുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഉപദ്രവകാരിയായ പരുന്തിനെ പിടികൂടാന്‍ നാട്ടുകാര്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam