നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67,500 രൂപയും; മോഷണ മുതല്‍ തിരിച്ചേല്‍പ്പിച്ച് കള്ളന്‍

Web Desk   | Asianet News
Published : Mar 16, 2022, 12:07 PM IST
നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67,500 രൂപയും; മോഷണ മുതല്‍ തിരിച്ചേല്‍പ്പിച്ച് കള്ളന്‍

Synopsis

കഴിഞ്ഞമാസം 21നാണ്  തെഞ്ചീരി അബൂബക്കര്‍ മുസ്‌ലിയാരുടെ വീട്ടില്‍ നിന്നും നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67,500 രൂപയും മോഷണം പോയത്. 

മലപ്പുറം: കള്ളനും മാനസാന്തരമോ, അതോ ഇനി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഉള്ള അടവോ? ഒലിപ്രം കടവിന് സമീപം ഹാജിയാര്‍ വളവില്‍ 20 ദിവസം മുമ്പ് മോഷണം (Theft) നടന്ന വീട്ടിലാണ് കൗതുക സംഭവങ്ങള്‍ അരങ്ങേറിയത്. പട്ടാപ്പകല്‍ മോഷണം പോയ സ്വര്‍ണാഭരണവും (Gold) പണവുമാണ് (Money) കവര്‍ച്ച നടന്ന വീട്ടിലെ ഉടമയുടെ കിടപ്പുമുറിയില്‍ നിന്നും തിങ്കളാഴ്ച രാത്രിയോടെ ലഭിച്ചത്. 

കഴിഞ്ഞമാസം 21നാണ്  തെഞ്ചീരി അബൂബക്കര്‍ മുസ്‌ലിയാരുടെ വീട്ടില്‍ നിന്നും നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67,500 രൂപയും മോഷണം പോയത്. വീട്ടില്‍ അബൂബക്കറിന്റെ ഭാര്യ റാബിയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുളികഴിഞ്ഞെത്തിയ ഇവര്‍ വീടിന്റെ വാതിലും അലമാരയും തുറന്നുകിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്.

പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി കിടപ്പുമുറിയില്‍ സ്വര്‍ണവും പണവും ലഭിച്ചത്. ചൂടായതിനാല്‍ മുറിയുടെ ജനല്‍ പാളി തുറന്ന് വെച്ചിരിക്കുകയായിരുന്നു. രാത്രി എട്ടോടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനലിന് താഴെയായി പണവും സ്വര്‍ണവും കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. 

തുറന്നിട്ട ജനല്‍ പാളി വഴി മോഷ്ടാവ് തന്നെ മുറിയില്‍ കൊണ്ടിട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസുള്ളത്. മലപ്പുറത്ത് നിന്ന് സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു. കളവ് പോയ പണം പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടുകാര്‍ എണ്ണിത്തിട്ടപ്പെടുത്തി.

കള്ളന്റെ പ്രവൃത്തി നാട്ടിലാകെ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. മോഷണം പോയ മുതല്‍ തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറയുന്നതായും വീട്ടുകാര്‍ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചായത്തിൽ 'പഞ്ചറായി' റോബിൻ ബസ്' ഉടമ ഗിരീഷ്, നിയമസഭാ തെരഞ്ഞെടുപ്പിൽ കെബി ഗണേഷ് കുമാറിനോട് മത്സരം പ്രഖ്യാപിച്ച ബേബി ഗിരീഷിന് കിട്ടിയത് 73 വോട്ട്
പാലായുടെ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബം, നി‍ർണായകമായി ഒരു വീട്ടിലെ മൂന്ന് സ്വതന്ത്രന്മാർ