തിടമ്പുമായി പോവുന്നതിനിടയിൽ ചക്ക കണ്ടാൽ എന്ത് ചെയ്യും. പ്രലോഭനത്തിൽ വീണ് ഏവൂർ കണ്ണൻ
കായംകുളം: ഉത്സവപ്പറമ്പുകളിലെ ഗജരാജൻ ഏവൂർ കണ്ണന് ചക്ക കണ്ടാൽ പിന്നെ മറ്റൊന്നും നോക്കാനില്ല. ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പറയെടുപ്പിനായി പോകുന്നതിനിടെ വഴിയരികിലെ പ്ലാവിൽ തൂങ്ങിക്കിടന്ന ചക്ക കണ്ട് 'സ്വിച്ചിട്ട പോലെ' നിന്ന കണ്ണന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത്. തെക്കുംമുറിയിലെ വീടുകളിലേക്ക് പറയെടുപ്പിനായി നീങ്ങുകയായിരുന്നു കണ്ണൻ. അകമ്പടിയായി പാപ്പാൻമാരും വാദ്യമേളക്കാരും കൂടെയുണ്ട്. എന്നാൽ വഴിയിലെ ഒരു വീടിന്റെ മുറ്റത്ത് നിൽക്കുന്ന പ്ലാവിൽ നിറയെ ചക്കകൾ കണ്ടതോടെ കണ്ണന്റെ നടത്തത്തിന് വേഗത കുറഞ്ഞു. ഒടുവിൽ ഒരു വലിയ ചക്കയുടെ ചുവട്ടിലെത്തിയപ്പോൾ ആന ഒന്ന് നിന്നു. ആരും ഒന്നും പറയുന്നതിന് മുൻപേ തുമ്പിക്കൈ ഉയർത്തി ലക്ഷ്യം തെറ്റാതെ ആ ചക്ക പറിച്ചെടുക്കുകയും ചെയ്തു. സിപിഐഎം രാമപുരം ലോക്കൽ കമ്മറ്റി അംഗം പ്രകാശ് പാനക്കാരനാണ് ഈ കൗതുക ദൃശ്യം തന്റെ ഫോണിൽ പകർത്തിയത്. "ആരോടും ചോദിക്കണില്ല്യ, ഒരു ചക്ക ഇങ്ങട് പറിച്ചു" എന്ന തലക്കെട്ടോടെ പുറത്തുവന്ന വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. ആനയുടെ ഈ നിഷ്കളങ്കമായ കുസൃതിയെ വാനോളം പുകഴ്ത്തുകയാണ് ആനപ്രേമികൾ.


