ഹോട്ടൽ ജീവനക്കാർ വിദ്യാർഥികളെ മർദ്ദിച്ച സംഭവം; 15 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്

By Web TeamFirst Published Dec 15, 2022, 10:21 AM IST
Highlights

കുട്ടികളെ മർദിച്ച കേസിൽ അടിമാലി പൊലീസ് പക്ഷപാതപരമായി പെരുമാറിയതായി ആരോപിച്ച് സ്കൂൾ അധികൃതർ കൊല്ലം എസ് പിയ്ക്ക്  പരാതി നൽകി. ഈ പരാതിയെ തുടര്‍ന്നാണ് അടിമാലി പൊലീസ് കേസെടുക്കാന്‍ തയ്യാറായത്


അടിമാലി: അടിമാലിയിൽ ഹോട്ടൽ ജീവനക്കാർ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കേസിൽ 15 പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും അറിയിച്ചത്. വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ കുട്ടികൾ രണ്ട് ബസിലായി കഴിഞ്ഞ ആറാം തിയതി മൂന്നാറില്‍ സന്ദർശനത്തിനെത്തിയിരുന്നു. അടിമാലിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ബസ് ഡ്രൈവർ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. ഈ സംഭവത്തെ തുടര്‍ന്ന് വിദ്യാർഥികളും ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ബസ് ഡ്രൈവറുടെ പക്ഷം ചേര്‍ന്ന്  ഹോട്ടൽ ഉടമയും തൊഴിലാളികളുമെത്തി. ഇതേ തുടര്‍ന്ന് തര്‍ക്കം കൂട്ടത്തല്ലിലേക്കെത്തി. സംഭവത്തിൽ നാല് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു 

പരാതിയെ തുടര്‍ന്ന് ബസ് ഡ്രൈവർ സുധാകരൻ നായരെ അടുത്ത ദിവസം പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലാക്കി. എന്നാൽ, കുട്ടികളെ മർദിച്ച കേസിൽ അടിമാലി പൊലീസ് പക്ഷപാതപരമായി പെരുമാറിയതായി ആരോപിച്ച് സ്കൂൾ അധികൃതർ കൊല്ലം എസ് പിയ്ക്ക്  പരാതി നൽകി. നാല് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അക്രമികൾക്കെതിരേ ലോക്കൽ പൊലീസ് കേസെടുത്തില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സംഭവത്തില്‍ ഉള്‍പ്പെട്ട 15 ഓളം പേര്‍ക്കെതിരെ അടിമാലി പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഇതിനിടെ കഴിഞ്ഞ ദിവസം സുഹൃത്തിന്‍റെ സഹോദരിയുടെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസാക്കിയിട്ടതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന യുവതിയുടെ ചിത്രം അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ എടുത്ത് വാട്സാപ്പ് സ്റ്റാറ്റസ് ആക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ചാറ്റുപാറ വരകു കാലായിൽ അനുരാഗ് (34) വാളറ മുടവൻ മറ്റത്തിൽ രഞ്ജിത്ത് (31) കാട്ടാറുകുടിയിൽ അരുൺ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഇരുമ്പ് ദണ്ഡ്, വടിവാൾ, കേബിൾ എന്നീ മാരാകായുധങ്ങൾ കണ്ടെടുത്തു. 

ഒന്നാം പ്രതിയായ അനുരാഗിന്‍റെ സഹോദരന്‍റെ സുഹൃത്തായ പെൺകുട്ടിയുടെ സെൽഫിയെടുത്ത ഇതേ സ്ഥാപനത്തിലെ ജീവനക്കാരൻ അഭിഷേകിനെ ഫോണിൽ വിളിച്ച് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. നിരന്തര ഭീഷണിയെത്തുടർന്ന് അഭിഷേക്,  തന്‍റെ സുഹൃത്തായ വിശ്വജിത്തിനോട് വിവരം പറഞ്ഞു. വിശ്വജിത്ത് അനുരാഗുമായി സംസാരിച്ചെങ്കിലും പ്രശ്നം ഒത്തുതീര്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ അനുരാഗ് സുഹൃത്തുക്കളുമായി ടൗണിൽ വച്ച് വിശ്വജിത്തിനെ ആക്രമിയ്ക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ഇന്നലെ കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.

കൂടുതല്‍ വായിക്കാന്‍: ചെക്ക് ഡാം കടക്കവെ പെട്ടെന്നുണ്ടായ ശക്തമായ ഒഴുക്കില്‍ കാര്‍ ഒഴുകിപ്പോയി; ഡ്രൈവറെ രക്ഷപ്പെടുത്തി

click me!