15 വയസുകാരിക്കും 47 കാരനും വിവാഹം; ആദിവാസി മേഖലയിലെ ശൈശവ വിവാഹത്തില്‍ അന്വേഷണം

By Web TeamFirst Published Jan 31, 2023, 8:53 PM IST
Highlights

നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചെങ്കിലും നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്.

മൂന്നാർ: വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവുമായ നാൽപ്പത്തിയേഴുകാരൻ പതിനഞ്ചുകാരിയെ വിവാഹം ചെയ്ത സംഭവം വൻ വിവാദമായ സാഹചര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പത്തു പേരടങ്ങുന്ന സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ശിശു ക്ഷേമ സമിതിക്കു മുമ്പിൽ പെൺകുട്ടിയെ ഹാജരാക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് പൊലീസ് സംഘം ഇടമലക്കുടിക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൂന്നാർ എസ്.ഐ ഷാഹുൽ മുഹമ്മദിന്‍റെ നേതൃത്വത്തിലാണ് സംഘം യാത്ര തിരിച്ചിട്ടുള്ളത്‌. 

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുള്ളത്. നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചെങ്കിലും നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗോത്രവർഗ്ഗ സംസ്കാരമനുസരിച്ച് പുടവ കൈമാറുന്നതോടെ വിവാഹ ചടങ്ങുകൾ കൈമാറുന്നതാണ് പതിവ്. സർക്കാർ രജിസ്റ്ററുകളിൽ പലപ്പോഴും ഇത്തരം വിവാഹങ്ങൾ പതിവു പോലും ചെയ്യാത്ത സാഹചര്യങ്ങളുണ്ട്. 

ഇടമലക്കുടിയിൽ നടന്ന വിവാഹവും ഇത്തരത്തിൽ നടന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് ഏറെ പ്രതിബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്.  പോലീസ് നിരീക്ഷണവും വനം വകുപ്പിന്‍റെ നിരന്തരമായ സാന്നിധ്യവും തദ്ദേശ ഭരണകൂടത്തിന്‍റെ മേൽനോട്ടവുമുള്ള മേഖലയിൽ നടന്ന വിവാഹത്തിൽ സർക്കാർ വകുപ്പുകൾ വരുത്തിയ വീഴ്ചയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Read more : പരിചയം പുതുക്കി, ബൈക്കില്‍ കയറ്റി; യുവതിയെ തട്ടി കൊണ്ട് പോകാൻ ശ്രമം, യുവാവ് അറസ്റ്റിൽ

ദേവികുളത്ത് പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ഓഫീസ് ഇടമലക്കുടിയിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച വേളയിൽ തന്നെ നടന്ന ഈ സംഭവം തദ്ദേശഭരണ കൂടത്തെയും വെട്ടിലാക്കിയിട്ടുണ്ട്. നിരന്തരമായ ബോധവത്കരണം നടത്തിയിട്ടും ശൈശവ വിവാഹം പോലുള്ള പ്രാകൃത ആചാരങ്ങൾ അരങ്ങേറുന്നതിൽ സർക്കാർ വകുപ്പുകൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Read More :  ഒരു കടയിൽ മോഷണം, ഓട്ടോ പിടിച്ച് 3 കിലോമീറ്റര്‍ ദൂരെ അടുത്ത മോഷണം; മല്ലിക എന്ന വനജകുമാരി ഒടുവില്‍ കുടുങ്ങി

click me!