
തൃശൂർ: കഞ്ചാവ് സൂക്ഷിച്ചതിനും വിൽപ്പന നടത്തിയതിനുമെതിരെ കുന്നംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുടെ സ്വത്ത് വഹകൾ കണ്ടു കെട്ടാൻ കുന്നംകുളം പൊലീസ് ഉത്തരവിട്ടു. കേച്ചേരി ചിറനെല്ലൂർ മണലി മേലേതലക്കൽ വീട്ടിൽ സുനിൽ ദത്തിന്‍റെ (48) ആസ്തികൾ എൻ.ഡി.പി.എസ് സെക്ഷൻ 68 എഫ് നിയമ പ്രകാരം കണ്ടുകെട്ടുന്നതിന് കുന്നംകുളം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. യു.കെ. ഷാജഹാനാണ് ഉത്തരവിട്ടത്. പ്രതിയായ സുനിൽ ദത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
മാരക ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് കേരള പൊലീസ് രൂപീകരിച്ചിട്ടുള്ള ഓപ്പറേഷൻ ഡി - ഹണ്ടിന്‍റ് ഭാഗമായി ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോവിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. 7.900 കിലോ കഞ്ചാവാണ് പ്രതിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. പ്രതിയായ സുനിൽ ദത്തിനെതിരെ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് 1985 ൽ തൃശൂർ എക്സ്നെസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് നർക്കോട്ടിക്ക് സ്ക്വാഡ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഈ കേസിൽ പ്രതിയുടെ വീട്ടിൽ നിന്നും 1500 കിലോ കഞ്ചാവും, 2 കിലോ കഞ്ചാവ് കാറിൽ നിന്നും എക്സൈസ് വകുപ്പ് പിടിച്ചെടുത്തിരുന്നു. വർഷങ്ങളായി പ്രതി ഒറീസ്സ സ്വദേശികളിൽ നിന്നും കഞ്ചാവ് വാങ്ങി കേച്ചേരിയിൽ വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും 500, 1000 രൂപക്ക് വിൽക്കുന്നുണ്ട്.
കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ സുനിൽ ദത്തിന്‍റെ ആസ്തികൾ പരിശോധിച്ചപ്പോൾ സ്ഥിര വരുമാനമില്ലാത്ത പ്രതി നിയമ വിരുദ്ധമായ കഞ്ചാവ് വിറ്റതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് വസ്തു വഹകളും വാഹനവും വാങ്ങിയതെന്നും വാങ്ങിച്ച ആസ്തികൾ ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ബോധ്യപ്പെട്ടിരുന്നു. ഇയാളുടെ 18,53,000 രൂപ മതിപ്പു വില വരുന്ന വീടും 10,00,000 രൂപ മതിപ്പ് വില വരുന്ന കാറും കണ്ടുകെട്ടുന്നതിനുള്ള ഉത്തരവിട്ട് ചെന്നൈയിലുള്ള അതോറിറ്റിക്ക് നടപടികൾക്കായി അയച്ച് നൽകി.
നിയമ വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ട് മാരക ലഹരി വസ്തുക്കൾ സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന പ്രതികളുടെ ആസ്തികൾ കണ്ട്കെട്ടുന്ന നിയമനടപടികൾ തുടരുന്നതിനുള്ള നടപടിക്രമങ്ങൾ കുന്നംകുളം സബ് ഡിവിഷനിൽ ഇനിയും ഉണ്ടാകുമെന്ന് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി ആർ.സന്തോഷ് അറിയിച്ചു. പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എൻ ഡി പിഎസ് കേസ് അന്വേഷിക്കുന്നതിനും ആസ്തികളെക്കുറിച്ച് അന്വേഷിക്കുന്നതിനും റിപ്പോർട്ടും തയ്യാറാക്കുന്നതിനും എസ്ഐ. സുകുമാരൻ, സി.പി.ഒമാരായ രവികുമാർ, രഞ്ജിത്, അഭീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read More : നെടുമങ്ങാട് നിന്നും ചിറയിൻകീഴെത്തിയ ഓട്ടോറിക്ഷ, കടത്തിക്കൊണ്ടു വന്നത് 20 ലിറ്റർ വിദേശ മദ്യം; 2 പേർ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam