
കോഴിക്കോട്: മാവൂരില്‍ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്നൂര്‍ സ്വദേശി ഇര്‍ഫാന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ പൊലീസ്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ ഇതുവരേയും കണ്ടെത്താനായില്ല. ഇര്‍ഫാനെ പിടികൂടാനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. രക്ഷപെടാന്‍ സഹായിച്ചെന്ന് കരുതുന്നവരെ കണ്ടെത്താനായി സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇര്‍ഫാന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസികളായ സഹോദരങ്ങളെ ഇര്‍ഫാന്‍ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അയല്‍വാസിയായ തന്‍സിഫ് എന്ന യുവാവുമായി ഇര്‍ഫാന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇന്നലെ രാവിലെ തന്‍സിഫിനെ ഇര്‍ഫാന്‍ വീട്ടില്‍ എത്തി മര്‍ദ്ദിച്ചു. സാരമായി പരിക്കേറ്റ തന്‍സിഫിനെ ഇയാള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മര്‍ദ്ദന വിവരമറിഞ്ഞ് തന്‍സിഫിന്റെ സഹോദരങ്ങളായ തന്‍സീമും തന്‍സിലും ബൈക്കില്‍ ഇര്‍ഫാനെ തേടിയിറങ്ങി. റോഡിലൂടെ ഇര്‍ഫാന്റെ കാര്‍ വരുന്നത് കണ്ട് തടയാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്.
കൂളിമാട് മുന്നൂരിൽ ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. ആക്രമണത്തിൽ തന്‍സിലിന്റെ തലയോട്ടിയിലും നട്ടെല്ലിലും പൊട്ടലുണ്ട്. തസ്‌നിമിന്റെ ഇടുപ്പെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഉപേക്ഷിച്ച ഇര്‍ഫാന്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. മാവൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇർഫാനും തൻസിഫും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam