
തൃശൂർ: മണ്ണുത്തി കൊഴുക്കുള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കുഴഞ്ഞ് വീണ വയോധികന് രക്ഷയായി നഴ്സും പൊലീസ് ഉദ്യോഗസ്ഥരും. ഇക്കഴിഞ്ഞ ജനുവരി 26ന് ആണ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുലർച്ചെ 75 വയസ്സ് പ്രായമുള്ള ഒരാൾ കുഴഞ്ഞ് വീണത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ഉത്സവം കാണാനെത്തിയ നഴ്സായ യുവതിയുടേയും സമയോചിതമായ ഇടപെടലാണ് വയോധികന് പുതുജീവനേകിയത്. ഉത്സവത്തിനിടെ പുലർച്ചെ ആൾക്കൂട്ടത്തിൽ ബഹളം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ് ജോർജും സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോജുവും ഓടിയെത്തിയപ്പോഴാണ് കുഴഞ്ഞുവീണു കിടക്കുന്ന വയോധികനെ കണ്ടത്. ചുറ്റും പരിഭ്രാന്തരായ നാട്ടുകാരും.
ഉടനെ തന്നെ എഎസ്ഐ സന്തോഷ് ജോർജ്ജ് വീണുകിടക്കുന്നയാളെ മെല്ലെ നിവർത്തിക്കിടത്തി. ഇതിനിടെ ജോജു തിരക്ക് നിയന്ത്രിച്ചു. വീണുകിടന്നയാൾ പ്രതികരിക്കാതിരുന്നതിനാൽ ഉടൻതന്നെ സന്തോഷ് ആംബുലൻസിനായി വിളിച്ചു. ഡ്യൂട്ടിക്ക് പോയ വാഹനത്തിലെ സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയെ ജോജു വിവരമറിയിക്കുകയും എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കാൻ സജ്ജീകരണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സന്തോഷ് തറയിൽ കിടത്തി വയോധികന് സി.പി.ആർ (CPR) നൽകാൻ ശ്രമിക്കുന്നതിനിടെ, "സാർ ഞാൻ നേഴ്സാണ്, ഞാൻ സി.പി.ആർ കൊടുത്തോട്ടെ" എന്ന് പറഞ്ഞ് ഒരു യുവതി മുന്നോട്ട് വരികയായിരുന്നു.
സന്തോഷ് വീണുകിടന്നയാളെ പലവട്ടം തട്ടിവിളിച്ചെങ്കിലും അയാൾ അനങ്ങുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്തില്ല. ഉത്സവഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനം അത്യാവശ്യ ഫോൺകോൾ വന്ന് മാടക്കത്രഭാഗത്തേക്ക് ഡ്യൂട്ടിക്ക് പോയതിനാൽ അവിടെ പൊലീസ് വാഹനവും ഉണ്ടായിരുന്നില്ല. ഉടൻതന്നെ സന്തോഷ് ആംബുലൻസിന്‍റെ നമ്പരിൽ വിളിച്ച് എത്രയും പെട്ടന്ന് എത്താൻ അറിയിച്ചു. ഈ സമയം ജോജു ഡ്യൂട്ടിക്കായി പോയ വാഹനത്തിലെ സബ് ഇൻസ്പെക്ടർ കെ. ഉണ്ണിയെ അറിയിച്ചു. ഇതിനിടയിൽ സന്തോഷ് കിടക്കുന്നയാളെ തറയിൽ നേരെ കിടത്തി കൈകൾ വശത്തേക്ക് വച്ച് സി.പി.ആർ നൽകുന്നതിനായി ശ്രമിക്കുന്നതിനിടയിലാണ് ഒരു യുവതി കടന്നുവന്നത്. ‘സാർ ഞാൻ നേഴ്സാണ് ഞാൻ സി.പി.ആർ കൊടുത്തോട്ടെ’ എന്ന് ചോദ്യത്തോടെ യുവതി പ്രഥമ ശുശ്രൂഷ നൽകി.
ഇതിനിടയിൽ ആംബുലൻസ് ലൊക്കേഷൻ മനസ്സിലാകാതെ കുറച്ച് ദൂരത്തേക്ക് പോയെന്ന് മനസ്സിലായപ്പോൾ സന്തോഷ് അടുത്തുള്ള വീട്ടിലെ കാർപോർച്ചിൽ ഒരു കാർ കിടക്കുന്നത് കണ്ട് ആ വിട്ടിലേക്കോടിയെത്തി. വീട്ടുകാരെ വിളിച്ച് സംഭവം അറിയിച്ചു. വീട്ടുകാർ ഉടൻതന്നെ കാർ റോഡിലിറക്കി താക്കോൽ സന്തോഷിന് കൈമാറി. ഇതിനിടയിൽ തളർന്നു കിടന്നയാൾ സി പി ആർ ലഭിച്ച ഉടൻ ഒന്ന് അനങ്ങി ശബ്ദമുണ്ടാക്കി. ഇതിനിടയിൽ സന്തോഷ് കാറുമായി എത്തി ജോജു കാറിന് തിരക്കിലേക്ക് വരാനുള്ള വഴിയൊരുക്കുയും അയാളെ കാറിൽ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ക്വാഷ്വാലിറ്റിയിൽ നിന്നും വയോധികനെ പിന്നീട് ഐസിയുവിൽ പ്രവേശിപ്പിക്കുകയും ഇയാളുടെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്തതോടെ എല്ലാവർക്കും ആശ്വാസമായി. വയോധികന് ഓർമ്മവന്നപ്പോൾ വീട്ടുകാരെ വിവരം അറിയിച്ച് പൊലീസ് ഉത്സവപറമ്പിലേക്ക് ഡ്യൂട്ടിക്കായി മടങ്ങി.
ഒരു മാലാഖയായ് കൃത്യസമയത്ത് എത്തിചേർന്ന നേഴ്സിനെ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. ഒരു നന്ദിയെങ്കിലും അറിയിക്കാതെയെങ്ങനെ എന്ന വിഷമത്തിൽ നേഴ്സിനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു മണ്ണുത്തിയിലെ പൊലീസ് ഉദ്യോഗസ്ഥർ. ഒടുവിൽ ദയ ആശുപത്രിയിൽ നേഴ്സ് ആയി ജോലിചെയ്യുന്ന കൊഴുക്കുള്ളി സ്വദേശിയായ ബെൻസൺന്‍റെ ഭാര്യ സിയമോളാണ് വയോധികന് രക്ഷകയായതെന്ന് തിരിച്ചറിഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ വയോധികന് പുതു ജീവനേകിയ സിയ മോളെ മണ്ണുത്തി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam