Latest Videos

എല്ലാം നാടകം! മുളകുപൊടിയെറിഞ്ഞ് 26 ലക്ഷത്തിന്‍റെ സ്വർണ്ണം കവർന്നുവെന്ന് വ്യാജ പരാതിക്കെതിരെ കേസെടുത്തേക്കും

By Asianet MalayalamFirst Published Feb 17, 2024, 6:17 PM IST
Highlights

26 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ടെന്ന വ്യാജ പരാതി പൊലീസിനെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. സ്വകാര്യബാങ്ക് മാനേജറായ രാഹുല്‍ മറ്റൊരു ബാങ്കില്‍ നിന്നും സ്വര്‍ണ്ണം കൊണ്ടുവരുന്നതിനിടെ മുളകുപൊടി വിതറി കവര്‍ച്ച നടത്തിയെന്നായിരുന്നു പരാതി.

മൂവാറ്റുപുഴ: കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നുവെന്ന് വ്യാജ പരാതി നല്‍കിയ രാഹുലിനെതിരെ മൂവാറ്റപുഴ പൊലീസ് കേസെടുക്കാന്‍ സാധ്യത. പൊലീസ് സംവിധാനത്തെ മുഴുവന്‍ കബളിപ്പിച്ചതിന് കേസെടുക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. അതേസമയം, രാഹുല്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ ബാങ്ക് ഇതുവരെ അന്വേഷണമാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിട്ടില്ല.

26 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ടെന്ന വ്യാജ പരാതി മൂവാറ്റുപുഴ പൊലീസിനെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. പട്ടാപ്പകല്‍ കവര്‍ച്ച നടന്നെന്ന വിവരം ആദ്യം പൊലീസിന് അമ്പരപ്പുണ്ടാക്കി. പിന്നെ തെളിയിക്കാന്‍ നെട്ടോട്ടമായി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയ സംഘമാണ് ഇതിന് പുറകെ ഓടിയത്. ആദ്യം രാഹുല്‍ രഘുനാഥിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നടത്തി. എറണാകുളം റൂറലിലെ മിക്ക പൊലീസുകാരും പരിശോധനയില്‍ പങ്കെടുത്തു. ഇതില്‍ തുമ്പോന്നും കിട്ടാത്തതോടെയാണ് രാഹുലിനെ തന്നെ പൊലീസ് സംശയിച്ചത്. സ്വകാര്യബാങ്ക് മാനേജറായ രാഹുല്‍ മറ്റൊരു ബാങ്കില്‍ നിന്നും സ്വര്‍ണ്ണം എടുത്തുകൊണ്ടുവരുന്നതിനിടെ കുരുമുളക് കണ്ണില്‍ വിതറി ബൈക്ക് യാത്രികരായ രണ്ടുപേര്‍ കവര്‍ന്നുവെന്നായിരുന്നു മൊഴി. രണ്ട് ബാങ്കുകളും തമ്മില്‍ ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ളന്നിരിക്കെ എന്തിന് ഊടുവഴികളിലൂടെ രാഹുല്‍ പോയി എന്ന ചോദ്യമാണ് സംശയത്തിന് തുടക്കം. 

പിന്നീട് സംഭവം നടക്കുമ്പോള്‍ രാഹുല്‍ ഉപയോഗിച്ച ഹെല്‍മറ്റ് പരിശോധിച്ചപ്പോള്‍ അതില്‍ കുരുമുളകിന്‍റെ അംശമില്ല. ഇതോടെയാണ് കെട്ടിച്ചമച്ചകഥയാണെന്ന് വ്യക്തമായത്. ഇങ്ങനെ കഥ കെട്ടിച്ചമച്ച് വെള്ളം കുടിപ്പിച്ചതിന് കേസെടുക്കുന്നതിനെ കുറിച്ചാണ് പൊലീസ് ഇപ്പോള്‍ ആലോചിക്കുന്നത്. രാഹുല്‍ ജോലി ചെയ്യുന്ന ബാങ്കില്‍ 560 ഗ്രാം സ്വര്‍ണത്തിന്‍റെ കുറവുണ്ട്. ഇത് തിരിമറി നടത്തിയതാണെന്നും ഓഡിറ്റില്‍ പിടികൂടിയപ്പോള്‍ തിരികെ നല്‍കാന്‍ ആസുത്രണം ചെയ്ത നാടകമാണ് വ്യാജ കവര്‍ച്ചയെന്നും രാഹുല്‍ മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ സ്വര്‍ണം നഷ്ടപെട്ടെന്ന് സ്വകാര്യ ബാങ്ക് പരാതി നല്‍കിയിട്ടില്ല. അതുകൊണ്ട് പൊലീസിന് കേസെടുക്കാനും സാധിക്കില്ല. അതുകൊണ്ട് ഏതൊക്കെ വഴികളിലൂടെ രാഹുലിനെതിരെ കേസെടുക്കാമെന്ന് പരിശോധിക്കുകയാണ് മൂവാറ്റുപുഴ പൊലീസ്. 

click me!