കൊരട്ടി മുത്തിക്ക് പൂവൻകുല സമർപ്പിച്ച് പൊലീസ്; എസ്എച്ച്ഒയുടെ വീട്ടുവളപ്പിലുണ്ടായ കുലയും സമര്‍പ്പിച്ചു

Published : Oct 14, 2022, 12:06 PM ISTUpdated : Oct 14, 2022, 08:48 PM IST
കൊരട്ടി മുത്തിക്ക് പൂവൻകുല സമർപ്പിച്ച് പൊലീസ്; എസ്എച്ച്ഒയുടെ വീട്ടുവളപ്പിലുണ്ടായ കുലയും സമര്‍പ്പിച്ചു

Synopsis

വഴിപാട് കൗണ്ടറുകളിൽ നിന്ന് എടുത്ത കുലകൾക്ക് പുറമെ എസ്എച്ച്ഒ ബി കെ അരുൺ വീട്ടുവളപ്പിൽ നട്ടുവളർത്തിയ പൂവൻ കുലയും കൊരട്ടി മുത്തിക്ക് സമർപ്പിച്ചു.

തൃശൂര്‍: മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടി മുത്തിക്ക് മുന്നിൽ നേർച്ചയായ പൂവൻ കുല സമർപ്പിച്ച് കൊരട്ടി പൊലീസ്. കൊരട്ടി സെന്‍റ് മേരിസ് ഫൊറോന പള്ളി തിരുനാളിനോട് അനുബന്ധിച്ച പ്രധാന നേർച്ചയായ പൂവൻ കുല സമർപ്പണത്തിലാണ് കൊരട്ടി എസ്എച്ച്ഒ ബി കെ അരുണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പങ്കാളികളായത്. കൊരട്ടി എസ്എച്ച്ഒ ബി കെ അരുണിനെ കൂടാതെ എസ്ഐമാരായ സി എസ് സൂരജ്, ഷാജു എടത്താടൻ, സജീ വർഗ്ഗീസ് എന്നിവരും നേർച്ചക്കുല സമർപ്പണത്തിനുണ്ടായിരുന്നു.

വഴിപാട് കൗണ്ടറുകളിൽ നിന്ന് എടുത്ത കുലകൾക്ക് പുറമെ എസ്എച്ച്ഒ ബി കെ അരുൺ വീട്ടുവളപ്പിൽ നട്ടുവളർത്തിയ പൂവൻ കുലയും കൊരട്ടി മുത്തിക്ക് സമർപ്പിച്ചു. മുൻ വർഷങ്ങളിലും കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ കാഴ്ചക്കുല സമർപ്പിച്ചിട്ടുണ്ടായിരുന്നു. വികാരി ഫാ. ജോസ് ഇടശേരി കാഴ്ചക്കുല സമർപ്പിക്കാനെത്തിയവരെ സ്വീകരിച്ചു.

പൂവന്‍ കുലയാണ് കൊരട്ടി പള്ളിയിലെ പ്രധാന നേര്‍ച്ച. ഭക്തന്മാര്‍ അവര്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ പൂവന്‍ കുലപ്പഴമോ നേന്ത്രപ്പഴക്കുലയോ സമര്‍പ്പിക്കുന്നതാണ് രീതി. ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകാനാണ് ഈ നേര്‍ച്ച ചെയ്യുന്നത്. ഇങ്ങനെ വാഴക്കുല സമര്‍പ്പിക്കുന്നതിന് പിന്നില്‍ ഒരു ഐതിഹ്യവുമുണ്ട്.

മേലൂരിലെ ഒരു കര്‍ഷകന്‍ പണ്ടൊരിക്കല്‍ പള്ളിയിലെ മുത്തിക്ക് നേര്‍ച്ചയായി കൊണ്ട് വന്ന കുല ജന്മി തട്ടിയെടുത്തുവെന്ന തരത്തിലാണ് ആ കഥ. തുടര്‍ന്ന് ജന്മിക്ക് ഉണ്ടായ അസുഖം മാറാന്‍ മുത്തിക്ക് നേര്‍ച്ച നല്‍കിയെന്നുമാണ് ഐതിഹ്യം. ചാലക്കുടിക്കും തൃശൂരിലും ഇടയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ആണ് കൊരട്ടി മുത്തിയുടെ പെരുന്നാള്‍ ആഘോഷിക്കുന്നത്. 

നിറപുഞ്ചിരിയുമായി ഒരു ചായക്കാരി; വൈറലായി വീഡിയോ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഗണേഷ് കുമാർ എന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല'; എന്നെ സ്നേഹിച്ച പോലയാണ് അപ്പ ഗണേഷിനെ സ്നേഹിച്ചതെന്ന് ചാണ്ടി ഉമ്മൻ
അയ്യപ്പനെത്തിയത് ബന്ധുവിന്‍റെ കല്യാണത്തിന്, പായസത്തിൽ വീണത് പാചകത്തിന് സഹായിക്കുന്നതിനിടെ; നോവായി കല്യാണ വീട്ടിലെ മരണം