പതറിയ ശബ്ദത്തില്‍ വയര്‍ലെസ് സന്ദേശം; കടലെടുക്കാതെ പവിത്രൻ രക്ഷിച്ചത് ആറ് ജീവനുകൾ, അഭിനന്ദനം

Web Desk   | Asianet News
Published : Aug 29, 2020, 07:09 PM ISTUpdated : Aug 29, 2020, 08:12 PM IST
പതറിയ ശബ്ദത്തില്‍ വയര്‍ലെസ് സന്ദേശം; കടലെടുക്കാതെ പവിത്രൻ രക്ഷിച്ചത് ആറ് ജീവനുകൾ, അഭിനന്ദനം

Synopsis

ഒറ്റത്തവണ മാത്രം വന്ന് പതറി അവസാനിച്ച ആ ശബ്ദസന്ദേശത്തില്‍ പ്രാണന്‍ തിരിച്ചുപിടിക്കാനുളള പിടച്ചിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് തന്‍റെ നിയോഗമായിരിക്കുമെന്ന വിശ്വാസത്തിലാണ് പവിത്രന്‍.  

കോഴിക്കോട്: മുറിഞ്ഞുമുറിഞ്ഞ് പതറിയ ശബ്ദത്തില്‍ ഒരു വയര്‍ലെസ് സന്ദേശം. കണ്‍ട്രോള്‍ റൂമില്‍ നിന്ന് മറുപടിയൊന്നുമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് എവിടെനിന്നെന്ന് വ്യക്തമാകാത്ത ഒറ്റത്തവണ മാത്രം വന്ന് അവസാനിച്ച ആ സന്ദേശം ഒരേ ഒരാള്‍ മാത്രം കേട്ടു. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പവിത്രന്‍ മാത്രം.  

മരണം അരികിലെത്തിയ പേടിയോടുകൂടിയ ആ അജ്ഞാത നിലവിളി എവിടെ നിന്നാണെന്ന് അറിയാന്‍ പവിത്രന്‍ വീണ്ടും കാതോര്‍ത്തു. സ്റ്റേഷനിലെ വയര്‍ലെസിന് ഒരനക്കവുമില്ല. പക്ഷേ മരണഭയത്തോടുകൂടിയ ആ നിലവിളി താന്‍ കേട്ടുവെന്ന് പവിത്രനുറപ്പായിരുന്നു.         

സംശയം തീര്‍ക്കാന്‍ കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിച്ചന്വേഷിച്ചു. അങ്ങനൊരു മെസേജ് അവിടെ വന്നിട്ടില്ല. കേള്‍ക്കാത്തതാണോ എന്നറിയാന്‍ അവരുടനെ റെക്കോര്‍ഡ് ചെയ്ത മെസേജുകളും കേട്ടുനോക്കി. എന്നാൽ ഒന്നും കേൾക്കാനായില്ല. ജില്ലയിലെ മൊത്തം വയര്‍ലെസും കൈകാര്യം ചെയ്യുന്ന ടെലിക്കമ്മ്യൂണിക്കേഷന്‍ വിങ്ങിലേക്കും ഉടന്‍ തന്നെ ബന്ധപ്പെട്ടു. ഒന്നുമില്ല, മറ്റാര്‍ക്കും കിട്ടിയിട്ടുമില്ല. 

പക്ഷേ താന്‍ മാത്രം കേട്ട അസ്വാഭാവികമായ ആ സഹായാഭ്യര്‍ത്ഥന അങ്ങനെ വിട്ടുകളയാന്‍ പവിത്രനായില്ല. അതിനുപുറകെ പോകാനുണ്ടായ പവിത്രന്‍റെ തോന്നല്‍ തിരിച്ചുപിടിച്ചത് കടലില്‍ മുങ്ങിത്താഴ്ന്നു പോകുമായിരുന്ന ആറ് മത്സ്യത്തൊഴിലാളികളുടെ ജീവനായിരുന്നു.

കണ്‍ട്രോള്‍ റൂമിലേയ്ക്കുളള മെസേജുകള്‍ കൂടാതെ വളരെ അപൂര്‍വ്വമായി എഫ്.എം സംഭാഷണങ്ങള്‍ പൊലീസ് വയര്‍ലെസിലേയ്ക്ക് എത്താറുണ്ട്. അങ്ങനെയെന്തെങ്കിലും ആകുമെന്ന് ആദ്യം ചിന്തിച്ചെങ്കിലും പേടിച്ചരണ്ട നിലവിളി കേട്ടില്ലെന്ന് വിചാരിക്കാന്‍ പവിത്രന് കഴിഞ്ഞില്ല. 

കണ്‍ട്രോള്‍ റൂമിലും ടെലിക്കമ്മ്യൂണിക്കേഷനിലും ബന്ധപ്പെട്ട ശേഷം മറൈന്‍ എന്‍ഫോഴ്സ്മെന്‍റില്‍ ജോലി നോക്കുന്ന സുഹൃത്തിനെ സ്വന്തം നിലയ്ക്ക് ബന്ധപ്പെട്ട് എവിടെയോ ഒരു ഫിഷിംഗ് ബോട്ട് അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന വിവരം അദ്ദേഹം അറിയിച്ചു. കടലുണ്ടിയിലും ബേക്കലിലുമായി പൊലീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ടിരുന്ന മറൈന്‍ എന്‍ഫോഴ്സ്മെന്‍റിലെ ആര്‍ക്കും തന്നെ അത്തരമൊരു സന്ദേശം കിട്ടിയിരുന്നില്ല. പക്ഷേ കസബ സ്റ്റേഷനില്‍ നിന്ന് ലഭിച്ച വിവരം വിട്ടുകളയാതെ അവര്‍ കോസ്റ്റ് ഗാര്‍ഡിനും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്കും വിവരം കൈമാറി. 

ഉടന്‍ തന്നെ തെരച്ചില്‍ ആരംഭിച്ച അവര്‍ കടലുണ്ടിയില്‍ നിന്ന് 17 നോട്ടിക്കല്‍ മൈല്‍ അകലെ ഒരു ഫിഷിംഗ് ബോട്ട് വെളളംകയറി മുങ്ങിത്താഴുന്നത് കണ്ടെത്തി. പാഞ്ഞെത്തിയ മറ്റ് ഫിഷിംഗ് ബോട്ടിലുളളവര്‍ ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും രക്ഷിച്ചെടുത്തു. അല്‍പം വൈകിയിരുന്നെങ്കില്‍ ആ ജീവിതങ്ങള്‍ കടലെടുക്കുമായിരുന്നു. 

സാധാരണ അതാത് പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന സന്ദേശങ്ങള്‍ മാത്രമാണ് ഡ്യൂട്ടിക്കാര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടത്. സ്റ്റേഷനില്‍ പതിവിലേറെ തിരക്കും ബഹളവുമുണ്ടായിട്ടും തങ്ങള്‍ക്കല്ലാതെ വന്ന ആ സന്ദേശം തന്‍റെ കാതുകളിലെത്തിയതും അതിനു പുറകെ പോയതും ഒരു നിമിത്തമായാണ് ഈ പൊലീസുദ്യോഗസ്ഥന്‍ കാണുന്നത്. 

മീന്‍പിടുത്തക്കാര്‍ അനുവദനീയമായ സ്ഥലം തെറ്റി ഉളളിലേക്ക് പോയതോടെ മൊബൈല്‍ റേഞ്ചും വയര്‍ലെസ് സംവിധാനവും ലഭ്യമല്ലാതായി. അപകടത്തില്‍പെട്ട ആശങ്കയില്‍ കൈവശമുണ്ടായിരുന്ന വാക്കിടോക്കി എവിടെയോ പ്രസ് ചെയ്ത് അറിയിച്ച സഹായാഭ്യര്‍ത്ഥനയാണ് കസബ സ്റ്റേഷിലേക്കെത്തിയതും പവിത്രന്‍റെ ശ്രദ്ധയില്‍പ്പെട്ടതും. 

മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് വൈദ്യസഹായം നല്‍കിയ ശേഷം മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് സംഘം വിളിച്ചറിയിച്ചപ്പോഴാണ് താന്‍ പിന്തുടര്‍ന്ന ആ സന്ദേശത്തിന് പുറകില്‍ ആറ് ജീവനുകളുടെ നിലവിളിയായിരുന്നുവെന്ന് പവിത്രനും തിരിച്ചറിഞ്ഞത്. 

ആറ് പേരുടെ ജീവന്‍ രക്ഷിച്ച പവിത്രനെ ജില്ലാ പൊലീസ് മേധാവി വിളിച്ചുവരുത്തി അനുമോദിക്കുകയും റിവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു. ഒറ്റത്തവണ മാത്രം വന്ന് പതറി അവസാനിച്ച ആ ശബ്ദസന്ദേശത്തില്‍ പ്രാണന്‍ തിരിച്ചുപിടിക്കാനുളള പിടച്ചിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് തന്‍റെ നിയോഗമായിരിക്കുമെന്ന വിശ്വാസത്തിലാണ് പവിത്രന്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആടിന് തീറ്റക്കായി ഇല വെട്ടാൻ പോയി തിരികെ വന്നില്ല, തിരുവനന്തപുരത്ത് ഐഎൻടിയുസി ലോഡിങ് തൊഴിലാളി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്
തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി