
കല്‍പ്പറ്റ: രാസവളങ്ങളില്ലാതെ ഗ്രോ ബാഗില്‍ വിളയിച്ചെടുത്ത ചേകാടി വനഗ്രാമത്തിന്റെ സ്വന്തം 'ഫ്രഷ് ഇഞ്ചി' ചുരമിറങ്ങുന്നത് വൈകും. മികച്ചയിനം വിത്ത് ഉപയോഗിച്ച് ജൈവരീതിയില്‍ കൃഷി ചെയ്ത ഇഞ്ചി വീടുകളിലെത്തിക്കുകയെന്നതായിരുന്നു ഇവിടുത്തെ കര്‍ഷകരുടെ ലക്ഷ്യം. കൊറോണ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വീടുകള്‍ തോറുമുള്ള കച്ചവടം നടക്കാതെ ആയതോടെയാണ് പദ്ധതി പാളിയത്.
ഗ്രോബാഗില്‍ വളര്‍ത്തുന്നതിനാല്‍ എവിടെയാണെങ്കിലും ആവശ്യമായ നന നല്‍കിയാല്‍ എന്നും ഫ്രഷ് ഇഞ്ചി ലഭിക്കുകയും ചെയ്യുമെന്ന് സംരഭത്തിന് നേതൃത്വം നല്‍കുന്ന അജയന്‍ പറയുന്നു. പ്രധാനമായും നഗരപ്രദേശങ്ങളിലെ വീടുകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ചേകാടിക്കാരുടെ ഇഞ്ചിക്കൃഷി. കൊവിഡ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ഇവര്‍ കൃഷി തുടങ്ങിയിരുന്നു.
എന്നാല്‍ വില്‍പ്പനക്ക് സമയമായപ്പോഴാണ് നിയന്ത്രണങ്ങളെത്തിയത്. ഇതോടെ നൂറ്റി അമ്പതിലധികം ഗ്രോബാഗുകളില്‍ വിളയിച്ചെടുത്ത ഇഞ്ചി എങ്ങുമെത്തിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ബാഗ് ഒന്നിന് 600 രൂപ വിലയിട്ട് ജനങ്ങള്‍ക്ക് നല്‍കാനായിരുന്നു പദ്ധതി.
കടയില്‍ നിന്നും ലഭിക്കുന്ന അണുമുക്തമായ ഇഞ്ചിക്ക് നല്ല വില നല്‍കേണ്ടി വരുമെന്നതിനാല്‍ ചേകാടിയുടെ പദ്ധതി ജനങ്ങള്‍ക്കും ഏറെ ആശ്വാസകരമാകുമായിരുന്നു. മാത്രമല്ല ഒരു ബാഗ് വാങ്ങിയാല്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഇഞ്ചി ലഭിക്കുമായിരുന്നു. വില്‍പ്പന നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇഞ്ചിക്ക് ഇത്തവണ വില ലഭിച്ചാല്‍ കര്‍ഷകരുടെ അധ്വാനം വെറുതെയാകില്ലെന്ന് അജയന്‍ പറഞ്ഞു.
ഗന്ധകശാല അടക്കം മികച്ചയിനം നെല്ലും ജൈവപച്ചക്കറിയുമൊക്കെയായി ഈ കൊറോണക്കാലത്തും സജീവമാണ് ചേകാടിയിലെ കാര്‍ഷിക ജീവിതം. എങ്കിലും വിളകള്‍ക്ക് നല്ല വില ലഭിക്കാത്ത ആശങ്കയാണ് ചേകാടിയിലെ കര്‍ഷകര്‍ക്കിപ്പോഴും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam