
ഇടുക്കി: ദക്ഷിണ കൊറിയയില്‍ ഗവേഷകയായിരുന്ന മലയാളി വിദ്യാര്‍ഥിനി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്‍റെയും ഷേര്‍ലിയുടെ മകള്‍ ലീജ ജോസ്( 28) ആണ് മരിച്ചത്. നാലുവര്‍ഷമായി ലീജ ദക്ഷിണ കൊറിയയില്‍ ഗവേഷകയാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിക്ക് ലീജ നാട്ടില്‍ വന്നിരുന്നു. കൊവിഡ് വൈറസ് പ്രതിസന്ധി വ്യാപകമായതിനാല്‍ യഥാസമയം ലീജക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ആറാം തീയതിയാണ് കോഴ്‌സ് പൂർത്തിയാക്കുവാനായി ലീജ വീണ്ടും കൊറിയയിലേയ്ക്ക് പുറപ്പെട്ടത്. സെപ്തംബറില്‍ വിസയുടെ കാലാവധി തീരുകയും കോഴ്സ് പൂര്‍ത്തിയാവുകയും ചെയ്യുന്നതിനാലാണ് തിരികെ പോയത്. അവിടെയെത്തി 14 ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വന്നിരുന്നു. ഇതിനിടെ ചെവിവേദനയും പുറംവേദനയും അനുഭവപ്പെട്ടെങ്കിലും വിദഗ്‌ധ ചികിത്സ ലഭ്യമായില്ല.
ക്വാറന്‍റൈന്‍ കാലാവധിക്ക് ശേഷം ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും കുറയാത്തതിനെ തുടര്‍ന്ന് തിരികെ പോരാന്‍ ടിക്കറ്റെടുത്തിരുന്നു. നാട്ടിലേക്ക് തിരികെ പോരാൻ വ്യാഴാഴ്ച്ച വൈകിട്ട് എയര്‍പോര്‍ട്ടിലെത്തിയ ലീജ അവിടെ വച്ച് കുഴഞ്ഞുവീണു. ഉടന്‍തന്നെ സമീപത്തുള്ള മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, അല്‍ഫോണ്‍സ് കണ്ണന്താനം എം.പി എന്നിവര്‍ വഴി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മുഖേന മൃതദേഹം ഉടന്‍തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികളാരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam