
കൊല്ലം: പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വഴിവിട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പ്രതികാര നടപടി ഭയന്ന് സ്പെഷൽ ബ്രാഞ്ച് എസ്ഐ സർവ്വീസിൽ നിന്ന് സ്വയം വിരമിച്ചു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ.ഹർഷാദ് (49)ആണ് പൊലീസ് അസോസിയേഷന്റെ രാഷ്ട്രീയ ഇടപെടലിൽ മനംനൊന്ത് സർവീസ് അവസാനിപ്പിച്ചത്. ആറര വർഷം സർവീസ് ശേഷിക്കെയാണ് വിരമിക്കൽ. ആക്രിക്കട ഉടമയെ മോഷണക്കേസിൽ നിന്നും ഒഴിവാക്കാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതുമായ് ബന്ധപ്പെട്ടും യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കിയതുമടക്കം പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വഴിവിട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് അസോസിയേഷൻ ഹർഷാദിനെ മാനസികമായി പീഡിപ്പിച്ചതായി ആക്ഷേപമുള്ളത്.
ശാസ്താംകോട്ടയിൽ തദ്ദേശ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയുടെ നിർമാണത്തിലിരുന്ന വീട്ടിൽ നിന്നും 3 ലക്ഷം രൂപയുടെ കേബിളുകൾ കഴിഞ്ഞ ജൂലൈയിൽ മോഷണം പോയിരുന്നു. ഇവ മോഷ്ടിച്ച് ആക്രി കടയിൽ വിറ്റ കേസിൽ അസോസിയേഷൻ നേതാക്കളായ എസ്എച്ച്ഒ, എസ് ഐ എന്നിവർ വഴിവിട്ട നീക്കം നടത്തിയതാണ് വിവാദമായത്. കട ഉടമയെ കേസിൽ നിന്നും ഒഴിവാക്കാൻ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും സ്റ്റേഷനിലേക്ക് 15000 രൂപയുടെ ഫോട്ടോസ്‌റ്റാറ്റ് പേപ്പർ കടയുടമയെ കൊണ്ട് തന്നെ വാങ്ങി നൽകിയെന്നുമാണ് വിവരം. ആക്രിക്കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, രണ്ട് ജീവനക്കാർ കടയിൽ നിന്ന് പണം കവർന്നതായ് കണ്ടെത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്താതെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ഇവരുടെ ബന്ധുക്കളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങി കട ഉടമയ്ക്ക് നൽകി വിട്ടയക്കുകയും ചെയ്തു.
മൈനാഗപ്പള്ളി സ്വദേശിയായ യുവാവിനെ പിടികൂടിയ ശേഷം പുറത്തുനിന്ന് കഞ്ചാവ് എത്തിച്ച് ഇയാളിൽ നിന്നും പിടിച്ചതെന്ന പേരിൽ പൊലീസ് കേസ് എടുത്തതായും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകളോടെ കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് ഹർഷാദ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ എസ്‌പി ഓഫിസിൽ നിന്നും റിപ്പോർട്ട് ചോർന്നു. ഇതോടെ ഹർഷാദ് പൊലീസ് അസോസിയേഷന്റെ കണ്ണിലെ കരടായി. ഹർഷാദിനെ കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിലേക്ക് സ്‌ഥലം മാറ്റുകയും ചെയ്തു. മന്ത്രി തലത്തിൽ അടക്കം സമ്മർദ്ദം ചെലുത്തിയാണ് ഹർഷാദിനെ തിടുക്കപ്പെട്ട് സ്ഥലം മാറ്റിയതെന്നാണ് വിവരം. ഇതോടെയാണ് സർവീസ് അവസാനിക്കാൻ വർഷങ്ങൾ ബാക്കിയുണ്ടായിട്ടും അർഷാദ് രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
സത്യത്തിനു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ സേനയിൽ നിന്നു നേരിട്ട പ്രതികാര നടപടിയിൽ മനംനൊന്താണ് സർവീസ് അവസാനിപ്പിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട ശേഷമാണ് ഹർഷാദ് വിരമിച്ചത്. ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ഹർഷാദ്. തന്റെ റിപ്പോർട്ടിൽ കണ്ടെത്തിയ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് നിയമ നടപടിയും ആരംഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ റീൽസിലൂടെ വൈറലായ എസ്ഐ അടക്കമുള്ളവർക്കെതിരെയാണ് ഹർഷാദ് ആരോപണം ഉയർത്തിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam