
തൃശൂർ: നെല്ലങ്കരയിൽ ഗുണ്ടാ സംഘം നടത്തിയ ലഹരിപ്പാര്‍ട്ടിയില്‍ വട്ടുഗുളികയും ഉപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തല്‍. നൈട്രാ സിപ്പാം എന്ന ഗുളികയാണ് ലഹരികൂട്ടാന്‍ ഉപയോഗിച്ചത്. സംഭവ സ്ഥലത്തുനിന്നും ഫോറന്‍സിക് സംഘം ഇതിന്‍റെ കവറുകളും അവശിഷ്ടങ്ങളും കണ്ടെത്തി. സെഡേഷനും മറ്റും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കേണ്ട ഗുളികയാണിത്. പ്രതികളുടെ രക്ത പരിശോധനാ സാംപിളുകള്‍ ലാബിലേക്കയച്ചിട്ടുണ്ട്.
കൊലപാതകശ്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. രക്ത പരിശോധനാ ഫലം വരുന്നതോടെ കൂടുതല്‍ എക്സൈസ് വകുപ്പുകളും ചുമത്തും.
ലഹരിപ്പാർട്ടി നടന്നത് ക്ലബ്ബല്ലെന്നും ബാങ്ക് ജപ്തി ചെയ്ത് സീല്‍ വച്ച വീടാണെന്നും പൊലീസ് പറഞ്ഞു. ക്ലബ്ബാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതികള്‍ നാട്ടുകാരെ കബളിപ്പിച്ചിരുന്നത്. കാലൊടിഞ്ഞ ബ്രഹ്മജിത്തും ഷാര്‍ബലും മെഡിക്കല്‍ കോളെജിലെ പ്രിസണ്‍ സെല്ലില്‍ ചികിത്സയിൽ കഴിയുകയാണ്.